പാലാരിവട്ടം മേൽപ്പാലം അഴിമതി: പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ റിമാന്‍ഡിലുള്ള മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് ഉള്‍പ്പെടെ നാലു പ്രതികള്‍ക്കായി വിജിലന്‍സ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ മൂവാറ്റുപുഴ വിജിലന്‍സ് കോടതി തിങ്കളാഴ്ച പരിഗണിക്കും. മൂവാറ്റുപുഴ സബ്ജയിലില്‍ കഴിയുന്ന പ്രതികളുടെ നാലുദിവസത്തെ റിമാന്‍ഡ് തിങ്കളാഴ്ച അവസാനിക്കും. ഇവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയും കോടതിയുടെ പരിഗണനയിലുണ്ട്.
കിറ്റ്കോ മാനേജിങ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ബെന്നി പോള്‍, ആര്‍ബിഡിസികെ മുന്‍ അഡീഷണല്‍ ജനറല്‍ മാനേജര്‍ എം ടി തങ്കച്ചന്, കരാര്‍ കമ്ബനി എംഡി സുമിത് ഗോയല്‍ എന്നിവരാണ് ജയിലിലുള്ളത്. പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യണമെന്നാണ് വിജിലന്‍സ് ആവശ്യപ്പെട്ടതെങ്കിലും കോടതി അനുവദിച്ചില്ല. ജാമ്യം നല്‍കരുതെന്ന ആവശ്യം പരിഗണിച്ച് നാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വിജിലന്‍സ് പറഞ്ഞിരുന്നു. എന്നാല്‍, പ്രതികള്‍ ചോദ്യംചെയ്യലുമായി സഹകരിക്കുന്നില്ല. തെളിവുകളുടെയും കണ്ടെത്തലുകളുടെയും അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ടിവരും. അതിനായി കസ്റ്റഡിയില്‍ വിടണമെന്നും ജാമ്യം അനുവദിച്ചാല്‍ ഉന്നതബന്ധങ്ങളുള്ള പ്രതികള്‍ തെളിവ് നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും കോടതിയെ വിജിലന്‍സ് അറിയിച്ചിട്ടുണ്ട്.

