പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണം: അഴിമതി കാണിച്ച ആരും രക്ഷപെടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊച്ചി പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തില്‍ അഴിമതി കാണിച്ച ആരും രക്ഷപെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ചോദ്യോത്തരവേളയിലായിരുന്നു പാലരിവട്ടം മേല്‍പ്പാലത്തിലെ അഴിമതി സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നത്.
2015ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പില്‍ വിവിധ തരത്തിലുള്ള അഴിമതി നടന്നതായും പണപ്പിരിവ് നടക്കുന്നതായും വ്യക്തമാക്കുന്ന വിജിലന്‍സ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ചുണ്ടി കാണിച്ചായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷത്തിന് മറുപടി നല്‍കിയത്.

ബില്‍ മാറാനും, പുതിയ എസ്റ്റിമേറ്റിനും, സാധനങ്ങള്‍ മറിച്ചു വിറ്റുമൊക്കെ അഴിമതി നടത്തിയെന്ന വിജിലന്‍സ് പഠന റിപ്പോര്‍ട്ടിലെ ഒമ്ബത് നിഗമനങ്ങള്‍ എടുത്തു പറഞ്ഞാ മുഖ്യമന്ത്രി പലാരിവട്ടം മേല്‍പ്പാല വിഷയത്തിലെ സര്‍ക്കാര്‍ നിലപാടും വ്യക്തമാക്കി.

അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം ശക്തമായി നടക്കുന്നു. വിജിലന്‍സിന്റെ പ്രഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആഴത്തിലുളള അന്വേഷണം സര്‍ക്കാര്‍ നടത്തുമെന്നും വകുപ്പ്മന്ത്രി ജി.സുധാകരന്‍ സഭയെ അറിയിച്ചു. പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത് മുതല്‍ വീഴ്ച സംഭവിച്ചിരുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പൊതുമരാമത്തിലെ അഴിമതി നിര്‍മാര്‍ജനത്തില്‍ കര്‍ശന നടപടിയാണ് സ്വീകരിക്കുന്നത്. എഞ്ചിനിയര്‍മാരടക്കമുള്ള നൂറില്‍പ്പരം ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചതായും മന്ത്രി സഭയെ അറിയിച്ചു.
