പാലാരിവട്ടം പാലത്തില്‍ ഇ ശ്രീധരനും സംഘവും പരിശോധന നടത്തി

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച‌് ഡിഎംആര്‍സി മുഖ്യ ഉപദേഷ‌്ടാവ‌് ഇ ശ്രീധരനോടൊപ്പം തിങ്കളാഴ‌്ച പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ബലക്ഷയം പരിശോധിക്കാനെത്തി. സംഘത്തില്‍ പ്രൊഫ. മഹേഷ‌് ഠണ്ടനും ചെന്നൈ ഐഐടിയിലെ അളഗു സുന്ദരമൂര്‍ത്തിയും പങ്കെടുത്തു.
സ‌്ട്രക‌്ചറല്‍ എന്‍ജിനിയറിങ്ങില്‍ അന്താരാഷ‌്ട്ര അംഗീകാരമുള്ള എഴുപത്തിയെട്ടുകാരനായ മഹേഷ‌് ഠണ്ടന്‍, ഡല്‍ഹി മെട്രോ റെയില്‍ നിര്‍മാണകാലംമുതല്‍ ഇ ശ്രീധരനുമായി ചേര്‍ന്ന‌് പ്രവര്‍ത്തിച്ചുവരികയാണ‌്. പാലാരിവട്ടം മേല്‍പ്പാലത്തില്‍ ഗുരുതര അപാകമാണുള്ളതെന്ന‌് നേരത്തെ ഇ ശ്രീധരന്‍ അഭിപ്രായപ്പെട്ടിരുന്നു. പരിശോധനാസംഘത്തില്‍ ഠണ്ടനെയും ഉള്‍പ്പെടുത്തിയത‌് ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ‌്. ഭൂകമ്ബബാധിത പ്രദേശങ്ങളിലെ പുനര്‍നിര്‍മാണങ്ങള്‍ക്ക‌് രാജ്യത്തിനകത്തും പുറത്തും നേതൃത്വം നല്‍കിയിട്ടുള്ള ഠണ്ടന്‍, നിര്‍മാണപ്പിഴവുമൂലം ഗുരുതര ബലക്ഷയം വന്ന പാലാരിവട്ടം പാലം പുനരുദ്ധരിക്കാനുള്ള മികച്ച നിര്‍ദേശം നല്‍കുമെന്നാണ‌് പ്രതീക്ഷ.

പരിശോധനാസംഘത്തില്‍ ഐഐടികളിലെ വിദഗ‌്ധരും ദേശീയപാത അതോറിറ്റിയിലെ എന്‍ജിനിയര്‍മാരും ഇടപ്പള്ളി, ചമ്ബക്കര മേല്‍പ്പാലങ്ങളുടെ ഡിസൈന്‍ നിര്‍വഹിച്ച ശ്രീഹരി കണ്‍സള്‍ട്ടന്റ‌്സിലെ ഷൈന്‍ വര്‍ഗീസും ഉണ്ടാകുമെന്ന‌് ഇ ശ്രീധരന്‍ പറഞ്ഞു. രാവിലെ എട്ടിനാണ‌് സംഘം പാലത്തില്‍ വിശദപരിശോധന നടത്തിയത്. തുടര്‍ന്ന‌് ഡിഎംആര്‍സി കൊച്ചി ഓഫീസില്‍ ചര്‍ച്ച നടത്തും. പരിശോധനയിലെ കണ്ടെത്തലും തുടര്‍നടപടി സംബന്ധിച്ച നിര്‍ദേശവും സംസ്ഥാന സര്‍ക്കാരിന‌് സമര്‍പ്പിക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

പാലം പൊളിച്ചുനീക്കാതെ പുനരുദ്ധാരണം സാധ്യമാണോ എന്നതിന‌് ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള പരിശോധനയിലൂടെ അവസാന തീര്‍പ്പുണ്ടാകും. ഗര്‍ഡറുകളെല്ലാം മാറ്റണമെന്നാണ‌് ശ്രീധരന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നത‌്. പാലം നിര്‍മാണത്തിലെ ഗുരുതര പിഴവ‌് അക്കമിട്ട‌് നിരത്തിയ ചെന്നൈ ഐഐടിയിലെ റിപ്പോര്‍ട്ടില്‍ അറ്റകുറ്റപ്പണികള്‍ നടത്തി പാലം പുനരുദ്ധരിക്കാനാകുമെന്ന‌് അഭിപ്രായപ്പെട്ടിരുന്നു.

