KOYILANDY DIARY

The Perfect News Portal

പാലരുവി എക്‌സ്പ്രസ് വ്യാഴാഴ്ച മുതല്‍ സര്‍വ്വീസ് ആരംഭിക്കും

കൊല്ലം: കൊല്ലത്തിന്റെ കിഴക്കന്‍ മേഖലയെ പാലക്കാടുമായി ബന്ധിപ്പിക്കുന്ന പാലരുവി എക്‌സ്പ്രസ് വ്യാഴാഴ്ച മുതല്‍ സര്‍വ്വീസ് ആരംഭിക്കും. പുനലൂര്‍ മുതല്‍ കൊല്ലം ജില്ലയുടെ അതിര്‍ത്തിയായ ഓച്ചിറ വരെ 12 സ്റ്റോപ്പാണ് അനുവദിച്ചിട്ടുള്ളത്. പുനലൂരില്‍ നിന്ന് ദിവസവും പുലര്‍ച്ചെ 3.25ന് യാത്ര തിരിക്കുന്ന പാലരുവിക്ക് (നമ്പര്‍ 16791) 24 സ്റ്റോപ്പുകളാണുള്ളത്.

ആവണീശ്വരം, കുര, കൊട്ടാരക്കര, എഴുകോണ്‍, കുണ്ടറ, കിളികൊല്ലൂര്‍, കൊല്ലം, പെരിനാട്, മണ്‍ട്രോതുരുത്ത്, ശാസ്താംകോട്ട, കരുനാഗപ്പള്ളി, ഓച്ചിറ എന്നിങ്ങനെയാണ് കൊല്ലം ജില്ലയിലെ സ്റ്റോപ്പുകള്‍. കൊല്ലം ജംഗ്ഷനില്‍ പുലര്‍ച്ചെ 4.40ന് എത്തുന്ന ട്രെയിന്‍ അഞ്ചിന് കൊല്ലത്തുനിന്ന് യാത്ര തുടരും.

ആലപ്പുഴയില്‍ കായംകുളം, മാവേലിക്കര, ചെറിയനാട്, ചെങ്ങന്നൂര്‍ സ്റ്റേഷനുകളില്‍ നിര്‍ത്തും. പത്തനംതിട്ട ജില്ലയില്‍ തിരുവല്ലയില്‍ മാത്രമാണ് സ്റ്റോപ്പ് ഉള്ളത്. കോട്ടയം ജില്ലയില്‍ ചങ്ങനാശ്ശേരിയിലും കോട്ടയത്തും എറണാകുളം ജില്ലയില്‍ എറണാകുളം ടൗണ്‍, ആലുവ സ്റ്റേഷനുകളിലും സ്റ്റോപ്പ് ഉണ്ട്. 10.58ന് തൃശൂരിലെത്തും. ഷൊര്‍ണൂര്‍, ഒറ്റപ്പാലം സ്റ്റേഷനുകളിലൂടെ ഉച്ചയ്ക്ക് 1.20ന് പാലക്കാട് എത്തും.

Advertisements

പാലക്കാട് നിന്നും മടക്കയാത്ര (തീവണ്ടി നമ്പര്‍ 16792) വൈകിട്ട് നാലിനാണ്. ഷൊര്‍ണൂരില്‍ അഞ്ച് മണിക്കും തൃശൂരില്‍ 5.23നും എത്തും. 7.05ന് എറണാകുളത്ത് എത്തുന്ന ട്രെയിന്‍ കൊല്ലത്ത് രാത്രി 11.25ന് എത്തും. കൊല്ലം ജംഗ്ഷനില്‍ അരമണിക്കൂര്‍ ഹാള്‍ട്ടുണ്ട്. പുനലൂരില്‍ പുലര്‍ച്ചെ 1.20ന് എത്തിച്ചേരും.

ഒരിക്കലും സമയക്ലിപ്തത പുലര്‍ത്താത്ത വേണാട് എക്‌സ്പ്രസിന് ബദലായാണ് പാലരുവി എത്തുന്നത്. കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്താണ് കൂടുതല്‍ സ്റ്റോപ്പ് കൊല്ലത്തിന് അനുവദിച്ചിട്ടുള്ളത്. ഗേജ്മാറ്റം പൂര്‍ത്തിയായാല്‍ ചെങ്കോട്ടയ്‌ക്കോ മധുരയ്‌ക്കോ നീട്ടി കുറ്റാലം ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര മേഖലയെ കേരളവുമായി ബന്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

നാളെ പകല്‍ 2.30ന് ദില്ലിയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പാലരുവി എക്‌സ്പ്രസിന്റെ ഉദ്ഘാടനം കേന്ദ്രറയില്‍വേ മന്ത്രി സുരേഷ് പ്രഭു നിര്‍വ്വഹിക്കും. ആദ്യദിവസം എറണാകുളം വരെയാണ് സര്‍വ്വീസ്. വ്യാഴാഴ്ച മുതല്‍ ഷെഡ്യൂള്‍ പ്രകാരം ഓടിത്തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *