പാലക്കാട് മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

പാലക്കാട്: അട്ടപ്പാടി അഗളിയിലെ ഉള്‍വനത്തില്‍ തണ്ടര്‍ബോള്‍ട്ടുമായി നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. മഞ്ചക്കണ്ടി മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. വനത്തില്‍ തെരച്ചില്‍ നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ ആദ്യം വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്.
പോലീസ് തിരയുന്ന മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടതെന്ന സൂചനയാണ് ലഭിക്കുന്നത്. എന്നാല്‍ മരിച്ചവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഉള്‍വനത്തില്‍ നിന്നും എകെ 47 തോക്കുകളും വെടിക്കോപ്പുകളും കണ്ടെത്തിയിട്ടുണ്ടെന്നും സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നുമാണ് പോലീസിന്‍റെ വിശദീകരണം. ഇന്ന് രാവിലെയാണ് വനത്തില്‍ ഏറ്റുമുട്ടലുണ്ടായത്. ഉള്‍വനത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം മനസിലാക്കിയ തണ്ടര്‍ബോള്‍ട്ട് സംഘം മഞ്ചക്കണ്ടി മേഖലയില്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. തുടര്‍ന്ന് രൂക്ഷമായ ഏറ്റുമുട്ടല്‍ വനത്തില്‍ നടന്നു. രണ്ടു സ്ഥലങ്ങളിലായാണ് മാവോയിസ്റ്റുകള്‍ തമ്ബടിച്ചിരുന്നത്. പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തുണ്ടെന്നാണ് വിവരം.

