പാലക്കാട് കെട്ടിടം തകര്‍ന്നു; ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുന്നു

പാലക്കാട്: പാലക്കാട് നഗരത്തില്‍ മൂന്ന് നിലക്കെട്ടിടം തകര്‍ന്നുവീണു. മൊബൈല്‍ കടകള്‍ ഉള്‍പ്പെടെ നിരവധി കടകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് തകര്‍ന്ന് വീണത്. മുനിസിപ്പല്‍ ബസ് സ്റ്റാന്‍റിന് സമീപമാണ് സംഭവം. ഏഴു പേരെ പരുക്കുകളോടെ രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് നിസ്സാര പരിക്കുകളുണ്ട്. കെട്ടിടത്തിന്‍റെ മുകളിലെ രണ്ട് നിലകളാണ് തകര്‍ന്നത്.
അറുപത് വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്ന് വീണത്. മൊബൈല്‍ കടകളും ലോഡ്ജുമാണ് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. പൊലീസും അഗ്നിശമന സേനയും രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. കെട്ടിടത്തിനുള്ളില്‍ എത്ര പേരുണ്ടെന്ന് കൃത്യമായ വിവരമില്ല ഏകദേശം ഇരുപതോളം പേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായി കരുതുന്നതായാണ് വ്യാപാരികള്‍ പറയുന്നത്.

നഗരത്തിലെ പഴക്കംചെന്ന കെട്ടിടങ്ങളിലൊന്നാണ് തകര്‍ന്ന് വീണ കെട്ടിടം. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിലെ അറ്റകുറ്റ പണികള്‍ക്കിടയിലാണ് കെട്ടിടം തകര്‍ന്ന് വീണതെന്നാണ് അറിയാന്‍ കഴിയുന്നത്. പാലക്കാട് മൂന്ന് നില കെട്ടിടം തകര്‍ന്നുണ്ടായ അപകട സ്ഥലത്ത് ഇന്ന് വൈകിട്ട് മന്ത്രി എ കെ ബാലന്‍ എത്തും.

അപകടം അറിഞ്ഞ ഉടനെ അടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കലക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ ഫയര്‍ & റസ്ക്യൂ മേധാവി, ജില്ലാ മേഡിക്കല്‍ ഓഫീസര്‍, എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കലക്ടറോട് അടിയന്തിര റിപ്പോര്‍ട്ട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് ജില്ലാ ആശുപത്രിയില്‍ അടിയന്തിര ശുശ്രൂഷ നല്‍കുന്നതിന് ജില്ലാ ആശുപത്രിയില്‍ സംവിധാനം ഏര്‍പ്പെടുത്താനും ഡിഎംഒയ്ക്ക് നിര്‍ദ്ദേശം നല്‍കി. അടിയന്തിര സഹായം ആവശ്യമുണ്ടെങ്കില്‍ മന്ത്രിയെ നേരിട്ട് ബന്ധപ്പെടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
