KOYILANDY DIARY

The Perfect News Portal

പാറമേക്കാവ് ഭഗവതിക്ക് ആദ്യമായി നടക്കിരുത്തിയ പാറമേക്കാവ് രാജേന്ദ്രന്‍ ചരിഞ്ഞു

പാറമേക്കാവ് ദേവസ്വം കൊമ്പന്‍ പാറമേക്കാവ് രാജേന്ദ്രന്‍ (76) ചരിഞ്ഞു. 1950 കാലഘട്ടങ്ങളില്‍ പ്രമുഖ ഇല്ലങ്ങളിലും, നായര്‍ തറവാടു കളിലും മാത്രം സ്വകാര്യ ആനകള്‍ സ്വന്തമായി ഉണ്ടായിരുന്ന കാലത്ത് , തൃശ്ശൂര്‍ ജില്ലയിലെ സ്വകാര്യ ക്ഷേത്രങ്ങളില്‍ പ്രമുഖ ക്ഷേത്രമായ പാറമേക്കാവില്‍ ഭഗവതിക്ക് ആദ്യമായി നടക്കിരുത്തിയ ആനയാണ് രാജേന്ദ്രന്‍. 1955 ല്‍ അന്നത്തെ ക്ഷേത്രം മേല്‍ശാന്തി വേണാട് പരമേശ്വരന്‍ നമ്പൂതിരിയാണ് ഭക്തരില്‍ നിന്ന് പിരിച്ചെടുത്ത 4800 രൂപ കൊണ്ട് പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയിലെ പുലാചേരി മനയില്‍ നിന്നും ആനയെ വാങ്ങിയത്.

നടക്കിരുത്തുമ്പോള്‍ ഏകദേശം 12 വയസ്സായിരുന്നു ആനയുടെ പ്രായം. നിലമ്പൂര്‍ കാടുകളില്‍ ജനിച്ചതു കൊണ്ടാകാം ഒാര്‍മ്മകളില്‍ മറഞ്ഞ ഗജരാജന്‍ ഗുരുവായൂര്‍ കേശവനുമായി അഭേദ്യമായ മുഃഖഛായ രാജേന്ദ്രനുണ്ടായിരുന്നു.1963 മുതല്‍ നീണ്ട 50 വര്‍ഷത്തിലേറെകാലം തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളിലും പങ്കെടുത്ത ഒരേ ഒരു ആനയായിരിക്കാം രാജേന്ദ്രന്‍. 1988 ല്‍ രാത്രിയില്‍ പൂരത്തിന് ഭഗവതി യുടെ തിമ്പേറ്റിയിട്ടുമുണ്ട്. വെടികെട്ട് ഭയമില്ലാതിരുന്ന രാജേന്ദ്രന്‍ ദീര്‍ഘകാലം പൂരം വെടികെട്ടിന് മണി കണ്ഠനാല്‍ പന്തലില്‍ പാറമേക്കാവിലമ്മയെ ശിരസിലേറ്റി നിന്നിട്ടുണ്ട്.

1990 കാലഘട്ടങ്ങളില്‍ ഭൂമിയിലെ ദേവമേളയായ ആറാട്ടുപുഴ പൂരത്തിന് ശാസ്തവിൻ്റെ തിടമ്ബേറ്റിയിരുന്ന രാജേന്ദ്രന്‍ തുടര്‍ന്ന് ദീര്‍ഘകാലം ലക്ഷമീ ദേവിയായ ഊരകത്തമ്മതിരുവടിയുടെ തിടമ്ബേറ്റിയിരുന്നു. ആറു വര്‍ഷം മുമ്ബ് ആറാട്ടുപുഴ പൂരം കഴിഞ്ഞ് അമ്മതിരുവടിയുടെ ഗ്രാമബലി കഴിഞ്ഞ് വിശ്രമിക്കാന്‍ കിടന്ന ആന പിറ്റേന്ന് കാലത്ത് മതില്‍ കെട്ടിനുള്ളില്‍ തളര്‍ന്നു കിടന്നു. ദേവസ്വം ഭാരവാഹികളും, ആനചികിത്സകരും,ബോര്‍ഡും യോഗം ചേര്‍ന്ന് ഊരകം ക്ഷേത്രത്തിന്‍്റെ പ്രശസ്തമായ ആനപള്ളമതില്‍ പൊളിക്കുന്നതിനായി ആലോചിക്കുന്ന സമയത്ത് ഭഗവതിയുടെ ഉച്ചപൂജയുടെ നിവേദ്യത്തിനായി ശംഖ് വിളിച്ചപ്പോള്‍ എല്ലാവരേയും അത്ഭുതപ്പെടുത്തി ആന ചാടി എണീക്കുകയായിരുന്നു. അതിനു ശേഷം തൃശ്ശൂര്‍ നഗരപരിധിക്ക് പുറത്തേക്ക് ആനയെ പാറമേക്കാവ് ദേവസ്വം അധികൃതര്‍ എഴുന്നള്ളിപ്പുകള്‍ക്ക് അയച്ചിരുന്നില്ല.

Advertisements

2003ല്‍ കാഞ്ചികാമകോടി ശ്രീ ജയേന്ദ്രസരസ്വതി സ്വാമികള്‍ തൃശ്ശൂര്‍ പൂര ദിവസം ഗജരത്നം പദവി നല്‍കി ആനയെ ആദരിച്ചിരുന്നു. 2008 ല്‍ ഊരകം അമ്മതിരുവടി ഭക്തര്‍ ആനക്ക് ഗജശ്രേഷ്ഠ പുരസ്കാരം നല്‍കിയിരുന്നു. ആനക്കാര്‍ ഇല്ലെങ്കിലും ഊരകം ക്ഷേത്രത്തിലെ എല്ലാ പൂരചടങ്ങുകളും ആര്‍ക്കും ആനയെ കൊണ്ട് നടത്താമായിരുന്നു. പൂര്‍ണ്ണത്രയീശൻ്റെ ഉത്സവം മുതല്‍ ഉത്രാളിക്കാവ്, കുട്ടനെല്ലൂര്‍, പെരുവനം, നെന്‍മാറ-വല്ലങ്ങി തുടങ്ങി കൂടല്‍മാണിക്യം ഉത്സവം വരെ മദ്ധ്യകേരളത്തിലെ ഭൂരിഭാഗം ഉത്സവങ്ങളിലും തൻ്റെതായ സ്ഥാനം നിലനിര്‍ത്തിയിരുന്നു. ബാല്യത്തിലെ കുസൃതികളും, കൗമാരത്തിലെ വികൃതികളും, യൗവ്വനത്തിലെ ചോരതിളപ്പും, കഴിഞ്ഞ് വാര്‍ദ്ധക്യത്തിലെത്തി നില്‍ക്കുകയായിരുന്നു പാറമേക്കാവിലമ്മയുടെ മാനസപുത്രന്‍. മദപ്പാടിലൊഴികെ ചട്ടക്കാരോട് അഭേദ്യമായ ബന്ധം കാത്തുസൂക്ഷിച്ചിരുന്നു.

ഗോവിന്ദന്‍ നായര്‍, ശങ്കരന്‍ നായര്‍, കൃഷ്ണന്‍കുട്ടി നായര്‍, കൊച്ചനിയന്‍, രാധാകൃഷ്ണന്‍, കുട്ടന്‍, മണി തുടങ്ങിയ പ്രഗത്ഭരായ ആനക്കാരുടെ ശിക്ഷണത്തില്‍ വളര്‍ന്ന് കഴിഞ്ഞ 12 വര്‍ഷമായി നിലമ്ബൂര്‍ സ്വദേശി വേലായുധന്‍ നായരില്‍ (മാനു) അവന്‍ വഴിനടന്നു വരുന്നു. 1982 ഡല്‍ഹിയില്‍ നടന്ന ഏഷ്യാഡില്‍ പങ്കെടുത്ത ആനകളില്‍ ജീവിച്ചിരുന്ന ചുരുക്കം ചില ആനകളില്‍ ഒന്നാണ് രാജേന്ദ്രന്‍. നാളിതുവരെ ലോറിയില്‍ കയറാത്തതാവാം 76 വയസ്സില്‍ എത്തിനില്‍കുന്ന അവൻ്റെ ആരോഗ്യ രഹസ്യം. ആന ചികിത്സകരില്‍ പ്രധാനിയായിരുന്ന ഡോ.പ്രഭാകരനെ കേച്ചേരിയില്‍ വെച്ച്‌ മയക്കുവെടിയേറ്റപ്പോള്‍ പിന്‍തിരിഞ്ഞ് ആക്രമിച്ചു കൊലപ്പെടുത്തിയതൊഴികെ മറ്റു ഗുരുതരമായ വീഴ്ചകളൊന്നും ആനയില്‍ നിന്നും ഉണ്ടായിട്ടില്ലാത്തതാണ്. 

Leave a Reply

Your email address will not be published. Required fields are marked *