പഴയ റെയില്‍പ്പാളം മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു

കൊയിലാണ്ടി: കോഴിക്കോടിനും കൊയിലാണ്ടിക്കുമിടയില്‍ പഴയ റെയില്‍പ്പാളം മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. ഉച്ചയ്ക്ക് 12 മുതല്‍ നാലുമണിവരെ രണ്ടാം പാളത്തില്‍ തീവണ്ടിഗതാഗതം നിര്‍ത്തിവെച്ചാണ് പ്രവൃത്തി നടത്തുന്നത്.
ഇതുകാരണം പാസഞ്ചര്‍ തീവണ്ടികളടക്കം റദ്ദാക്കിയിട്ടുണ്ട്. ഉച്ചയ്ക്കുള്ള മംഗലാപുരം-കോയമ്പത്തൂര്‍, കോയമ്പത്തൂര്‍-മംഗലാപുരം പാസഞ്ചര്‍ എന്നിവ റദ്ദാക്കി. വൈകീട്ടുള്ള കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ്, മംഗലാപുരം-കോയമ്പത്തൂര്‍ ഇന്റസിറ്റി എക്സ്പ്രസ് എന്നിവ 30 മുതല്‍ 50 മിനിറ്റുവരെ വൈകിയാണ് ഓടുന്നത്.

യൂനിമേറ്റ് എന്ന യന്ത്രത്തിന്റെയും ഒട്ടേറേ തൊഴിലാളികളുടെയും സഹായത്തോടെയാണ് പാളം മാറ്റിസ്ഥാപിക്കുന്നത് . റെയില്‍വേ എന്‍ജിനീയര്‍മാരും മേല്‍നോട്ടം വഹിക്കുന്നു.

ദിവസവും 300 മീറ്റര്‍ നീളത്തിലാണ് പുതിയ പാളം സ്ഥാപിക്കുന്നത്. കൊയിലാണ്ടി മുതല്‍ കോഴിക്കോടുവരെ 23 കിലോമീറ്റര്‍ നീളത്തില്‍ പാളം മാറ്റിസ്ഥാപിക്കാന്‍ ഒരുമാസമെങ്കിലും വേണ്ടിവരുമെന്നാണ് സൂചന. ജനുവരി 30 വരെയാണ് പാളം മാറ്റിവെക്കല്‍ പ്രവൃത്തിക്ക് ഇപ്പോള്‍ ഷെഡ്യൂള്‍ അനുവദിച്ചത്. മാഹി ഭാഗത്തും പാളം മാറ്റിസ്ഥാപിക്കുന്നുണ്ട്.

