പഴയ കെട്ടിടം തകര്‍ന്നു വീണ് രണ്ട് പേര്‍ക്ക് പരിക്ക്

രാമനാട്ടുകര: കനത്ത മഴയില്‍ രാമനാട്ടുകര ദേശീയ പാതയോരത്തെ പഴയ കെട്ടിടം തകര്‍ന്നു വീണ് തമിഴ്നാട്ടുകാരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മധുര സ്വദേശികളായ മുരുകന്‍ (23), സുര്യ (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മദ്യപാനികളും സാമൂഹ്യ വിരുദ്ധരും താവളമാക്കിയ കെട്ടിടമാണ് ഇന്നലെ രാവിലെ ഒമ്ബതരയോടെ തകര്‍ന്നതുവീണത്.
രാമനാട്ടുകര ചെത്തുപാലത്ത് കള്ളു ഷാപ്പിനു സമീപം ജീര്‍ണിച്ച കെട്ടിടത്തിന്റെ അവശേഷിക്കുന്ന ഭാഗമാണ് നിലംപൊത്തിയത്. മേല്‍ക്കൂരയില്ലാതെ കനത്ത മഴയില്‍ കെട്ടിടം നനഞ്ഞു കുതിര്‍ന്നതാണ് അപകടത്തിനു കാരണം.
കെട്ടിടത്തിന്റെ ചുമര്‍ തലയിലേക്ക് മറിഞ്ഞു വീണ് മുരുകനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ ചുങ്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തകര്‍ന്നു വീഴുമ്ബോള്‍ മൂന്ന് പേര്‍ അകത്തുണ്ടായിരുന്നുവെന്നു മീഞ്ചന്തയില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തി കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കി തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്തിയില്ല. തകര്‍ന്ന കെട്ടിടത്തിന്റെ ഒരു ഭാഗം ഫയര്‍ ഫോഴ്‌സ് ക്രെയിന്‍ ഉപയോഗിച്ചു പൊളിച്ചു നീക്കി.

അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. ഫറോക്ക് എസ്.ഐ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പൊലീസും രാമനാട്ടുകര റെസ്‌ക്യു വളണ്ടിയര്‍മാരും ചേര്‍ന്ന് ഗതാഗതം നിയന്ത്രിച്ചു.
വര്‍ഷങ്ങളായി പാതയോരത്ത് ഉപയോഗശൂന്യമായി കിടക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗത്തെ ചുമര്‍ രണ്ടു ദിവസം മുമ്ബും ഇതുപോലെ തകര്‍ന്നു വീണിരുന്നു. പരിക്കേറ്റവര്‍ ഇതിനുളളില്‍ മദ്യപിക്കാനെത്തിയതായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു. സമീപത്ത് തന്നെ ബീവറേജ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ദിവസവും രാവിലെ മുതല്‍ കെട്ടിടത്തിനുളളില്‍ മദ്യപാനികളാണെന്ന് നാട്ടുകാര്‍ പറഞ്ഞു. സമീപത്തു തന്നെ കേടായ ബസ്സും മറ്റു വാഹനങ്ങളും നിര്‍ത്തിയിടുക പതിവാണ്. ഇതും മദ്യസേവയ്ക്കായി പലരും ഉപയോഗിച്ചിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പാതയോരത്ത് നിന്ന് ഇവ പൊലീസ് നീക്കിയിരുന്നു.

