പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടികൂടി

വടകര: നഗരസഭയിലെ ഹോട്ടലുകളിലും കൂള്‍ബാറുകളിലും ഹെല്‍ത്ത് വിഭാഗം നടത്തിയ റെയ്ഡില്‍ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടികൂടി. മഴക്കാലപൂര്‍വ ശുചീകരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഹോട്ടലുകളിലെ ശുചിത്വനിലവാരം പരിശോധിക്കാനാണ് നഗരത്തിലെ പതിനഞ്ചോളം ഹോട്ടലുകള്‍, കൂള്‍ബാര്‍, ബേക്കറി എന്നിവിടങ്ങളില്‍ പരിശോധന നടത്തിയത്.
എട്ട് സ്ഥാപനങ്ങളില്‍നിന്ന് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി. ഇറച്ചി, പൊറോട്ട, ചോറ്, ചപ്പാത്തി, പഴവര്‍ഗങ്ങള്‍, പഴകിയ തൈര്, ബിരിയാണി, ഭക്ഷ്യഎണ്ണ, അച്ചപ്പം, പഴകിയ പച്ചക്കറി, പുട്ടുപൊടി എന്നിവയാണ് വിവിധ സ്ഥാപനങ്ങളില്‍നിന്നായി പിടിച്ചത്. കരിമ്ബന റസ്റ്റോറന്റ്, സഹകരണ ആശുപത്രിക്ക് സമീപം ഹോട്ടല്‍ സൗമ്യ, പ്ലാസ കൂള്‍ബാര്‍, കരിമ്ബനപ്പാലം ഹോട്ടല്‍ ഉദ്യാന്‍, നോര്‍ത്ത് പാര്‍ക്ക്, നാരായണ നഗറിലെ സരസ്വതിഭവന്‍, അരവിന്ദ് ഘോഷ് റോഡിലെ ഹോട്ടല്‍ അടുക്കള, സി.എന്‍. സ്റ്റോര്‍ എന്നീ സ്ഥാപനങ്ങളില്‍നിന്നാണ് പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടികൂടിയത്.

മഴക്കാലത്തിനുമുന്‍പ് ഹോട്ടലുകളുടെ ശുചിത്വവും ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പരിശോധനയെന്ന് ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ കെ. ദിവാകരന്‍ പറഞ്ഞു. പഴകിയ ഭക്ഷണപദാര്‍ഥങ്ങള്‍ പിടികൂടിയത് സംബന്ധിച്ച് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി പിഴയീടാക്കി. ഏഴുദിവസം കഴിഞ്ഞാല്‍ ഈ സ്ഥാപനങ്ങളില്‍ വീണ്ടും പരിശോധന നടത്തും. ശുചിത്വം പാലിക്കാത്ത സ്ഥാപനങ്ങള്‍ പൂട്ടി പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

റെയ്ഡിന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ. ദിവാകരന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രാജേഷ്‌കുമാര്‍, ഷൈനി പ്രസാദ്, കെ. ലത തുടങ്ങിയവര്‍ നേതൃത്വം നൽകി.

