പള്ളിവളപ്പില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

കല്ലമ്പലം: പള്ളിവളപ്പില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സൂചന. പോസ്റ്രുമോര്‍ട്ടം സംബന്ധമായ വിവരങ്ങള്‍ ഔദ്യോഗികമായി പൊലീസിന് ലഭ്യമായിട്ടില്ലെങ്കിലും മൃതദേഹം കാണപ്പെട്ട സ്ഥലത്ത് ആത്മഹത്യാശ്രമത്തിന്റെതായ ലക്ഷണങ്ങളൊന്നും ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്താന്‍ കഴിയാത്തതാണ് സംശയത്തിന് കാരണം. മറ്റെവിടെയോ വച്ച് ഇയാളെ അപായപ്പെടുത്തിയശേഷം മൃതദേഹം ഇവിടെ എത്തിച്ച് കത്തിച്ചതാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.
മരിച്ചതാരാണെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ലാത്തത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അതേസമയം സംഭവദിവസം മുതല്‍ കാണാതായ കീഴാറ്റിങ്ങല്‍ സ്വദേശിയുടെ മൃതദേഹമാണോ ഇതെന്ന് സംശയമാണ് പൊലീസിനുള്ളത്. എന്നാല്‍ മൃതദേഹം കണ്ട ബന്ധുക്കള്‍ സ്ഥിരീകരണത്തിന് മുതിരാത്തതിനാല്‍ സഹോദരന്റെ രക്ത സാമ്ബിള്‍ ഡി.എന്‍.എ പരിശോധനയ്ക്കായി പൊലീസ് ഇന്ന് ശേഖരിക്കും.

നാവായിക്കുളം വലിയപള്ളി മുസ്ലിം ജുമാമസ്ജിദിന്റെ ചുറ്റുമതിലിനുള്ളിലെ കബര്‍സ്ഥാനിലാണ് കത്തിക്കരിഞ്ഞ് വികൃതമായ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തീ കത്തിക്കാന്‍ മണ്ണെണ്ണ ഉപയോഗിച്ചതായാണ് ഫോറന്‍സിക് സംഘത്തിന്റെ പരിശോധനയില്‍ കണ്ടെത്തിയത്. സ്ഥലത്ത് നിന്ന് ലഭിച്ച മണ്ണും കരിയും ചാരവും ശാസ്ത്രീയമായി പരിശോധിച്ച് ഇന്ന് ഇക്കാര്യം സ്ഥിരീകരിക്കും.

മൃതദേഹം കാണപ്പെട്ട സ്ഥലത്ത് മാത്രമാണ് തീയും ചാരവും കാണപ്പെട്ടത്. ഇതാണ് അപായപ്പെടുത്തിയശേഷം തീകൊളുത്തിയതാണെന്ന സംശയത്തിനിടയാക്കുന്നത്. ഡി.എന്‍.എ പരിശോധനയില്‍ മൃതദേഹം തിരിച്ചറിയുന്നതിനൊപ്പം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറെയും അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്ന് നേരില്‍ കണ്ട് ഇക്കാര്യത്തില്‍ വ്യക്തതവരുത്തും. പണിമുടക്കുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസമായി കടകള്‍ അടച്ചിട്ടിരുന്നതിനാല്‍ സ്ഥലത്തെ സി സി.ടി .വി കാമറകള്‍ പൊലീസിന് പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്ന് കാമറകള്‍ പരിശോധിക്കുന്നതോടെ സംഭവത്തില്‍ തുമ്ബുണ്ടാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

