പത്രസ്വാതന്ത്ര്യത്തില്‍ ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പുകള്‍ക്കും പ്രസക്തിയില്ല: എംഎ ബേബി

കോഴിക്കോട്: പത്രസ്വാതന്ത്ര്യത്തില്‍ ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പുകള്‍ക്കും പ്രസക്തിയില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. മറ്റെല്ലാ മേഖലകളിലും എന്ന പോലെ മാധ്യമ മേഖലയിലും അപചയമുണ്ടെന്നും അതിനുള്ള പരിഹാരം സമൂഹം കൂട്ടായി കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അളകാപുരി ഹോട്ടലില്‍ പത്രപ്രവര്‍ത്തകന്‍ പി ജിബിന്‍ അനുസ്മരണ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്രസ്വാതന്ത്ര്യത്തില്‍ ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പുകളും വേണ്ട എന്നതായിരുന്നു കാള്‍ മാര്‍ക്സിന്റെ ആശയം. എന്നാല്‍ ഇക്കാലത്ത് മാര്‍ക്സ് മുന്നോട്ടുവെച്ച സ്വാതന്ത്ര്യം കമ്യൂണിസറ്റ് രാജ്യങ്ങളില്‍ പോലും മാധ്യമങ്ങള്‍ക്ക് ലഭിക്കാതായി. ഇതെക്കുറിച്ച് കമ്യൂണിസ്റ്റ് രാജ്യങ്ങളും അവരുമായി അടുപ്പമുള്ളവരും പുനര്‍വിചിന്തനം നടത്തണം. ഇന്ന് രാഷ്ട്രീയം പോലെത്തന്നെ മാധ്യമ മേഖലയിലും അപചയങ്ങളുണ്ട്. ഇതിനുള്ള പരിഹാരം സമൂഹം ഒന്നായി കണ്ടെത്തണം. അജണ്ടവെച്ചുള്ള ദുര്‍ലക്ഷ്യങ്ങളെ സമൂഹം തുറന്നുകാണിക്കണം.

പത്രസ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമായിരുന്നു അടിയന്തരാവസ്ഥ. അതിനെതിരെ പത്രങ്ങളുടെ ഭാഗത്തുനിന്ന് ശക്തമായ ചെറുത്തുനില്‍പ്പുകള്‍ ഉണ്ടായി. എന്നാല്‍, കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴഞ്ഞ മാധ്യമപ്രവര്‍ത്തകരും ഉണ്ടായിരുന്നു. ശാസ്ത്രാവബോധം ഉണ്ടായിരിക്കുകയും അതു പ്രചരിപ്പിക്കുകയും ചെയ്യുക എന്നത് പൗരന്റെ മൗലികമായ ബാധ്യതയാണ്. അങ്ങനെ പ്രചരിപ്പിച്ചതിന്റെ പേരിലാണ് ധബോല്‍ക്കറും ഗൗരിലങ്കേഷും ഉള്‍പ്പെടെ കൊല്ലപ്പെട്ടത്. അഹ്ലാഖ് ഖാനും ജുനൈദും അസംഖ്യം മറ്റുള്ളവരും ഇതിന്റെ ഭാഗമായി വരും.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് മറ്റുള്ളവര്‍ പെരുമാറ്റച്ചട്ടം രൂപീകരിക്കുന്നതിനു പകരം അവര്‍ സ്വയം പെരുമാറ്റച്ചട്ടം രൂപീകരിക്കുന്നതായിരിക്കും ഉത്തമമെന്നും അദ്ദേഹം പറഞ്ഞു. ജിബിന്‍ സുഹൃദ് സംഘമാണ് രണ്ടാമത് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചത്. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, പിവി ജീജോ, കെപി സജീവന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

