പത്തുകോടി രൂപയുടെ അസാധുനോട്ടുകൾ പോലീസ് പിടികൂടി

കായംകുളം: പത്തുകോടി രൂപയുടെ അസാധുനോട്ടുകൾ കായംകുളത്തുനിന്ന് പോലീസ് പിടികൂടി. കായംകുളം സിഐയുടെ നേതൃത്വത്തില്‍ ദേശീയപാതയിലെ കൃഷ്ണപുരത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കാറില്‍ അസാധു നോട്ടുകളുമായി എത്തിയ സംഘം പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
രണ്ടുപേരാണ് ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. പിന്നീട് മൂന്ന് പേരെക്കൂടി പിടികൂടി. പാലക്കാട് സ്വദേശികളാണ് പിടിയിലായ അഞ്ചുപേരും. 1000 ന്റെ അസാധു നോട്ടുകളാണ് കാറിൽ കടത്താൻ ശ്രമിച്ചത്. വിശദമായ അന്വേഷണത്തിനായി ജില്ലാ പോലീസ് മേധാവി ഉടനെ കായംകുളത്തെത്തും. നോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തുന്നതേയുള്ളൂ. അടുത്തിടെ ചേര്‍ത്തലയില്‍നിന്നും അസാധു നോട്ടുകള്‍ പിടികൂടിയിരുന്നു.

