പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ വൈദികനെ പോലീസ് അറസ്റ്റുചെയ്തു
കണ്ണൂര്‍: പേരാവൂര്‍ കൊട്ടിയൂര്‍ നീണ്ടുനോക്കിയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ വൈദികനെ പോലീസ് അറസ്റ്റുചെയ്തു. നീണ്ടുനോക്കി പള്ളിവികാരിയും സ്‌കൂള്‍ മാനേജരുമായ ഫാദര്‍ റോബിന്‍ വടക്കുംചേരി(48) യാണ് അറസ്റ്റിലായത്. പീഡനത്തിനിരയായ പെണ്‍കുട്ടി രണ്ടുമാസം മുന്‍പ് പ്രസവിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞതും പോലീസ് ഇടപെട്ടതും.
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിന്റെ മാനേജര്‍ കൂടിയാണ് പ്രതി സ്ഥാനത്തുള്ള റോബിന്‍ വടക്കുംചേരി. ഒരു വര്‍ഷം മുന്‍പാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. എന്നാല്‍ ഫെബ്രുവരി 26നാണു പെണ്‍കുട്ടി പരാതി നല്‍കിയത്. പള്ളിയില്‍ വെച്ചും മറ്റു സ്ഥലങ്ങളില്‍ വെച്ചും പല തവണകളിലായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതിയില്‍ പറഞ്ഞിരുന്നു.

ഇതിനിടെ രണ്ടുമാസം മുന്‍പ് കൂത്തുപറമ്പിലെ ആശുപത്രിയില്‍ വെച്ച് പെണ്‍കുട്ടി ആണ്‍കുഞ്ഞിനെ പ്രസവിച്ചു. സഭക്കുള്ളിലും പുറത്തും ഉന്നത ബന്ധങ്ങളും സ്വാധീനുവുമുള്ള ഇയാള്‍ക്ക് വേണ്ടി ഉന്നതരായ ചിലര്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ സമീപിച്ച് പണം നല്‍കി സ്വാധീനിക്കുകയും സംഭവം ഒതുക്കിത്തീര്‍ക്കുകയും കുഞ്ഞിനെ അനാഥാലയത്തിലേക്കു മാറ്റുകയും ചെയ്തു.

പിന്നീടാണ് പ്രശ്‌നത്തില്‍ ചൈല്‍ഡ് ലൈനും പോലീസും ഇടപെട്ടത്. പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ബലാത്സംഗത്തിന് പുറമെ ബാലലൈംഗികപീഡന നിരോധന നിയമം പോക്‌സോയും ഇയാള്‍ക്ക് നേരെ ചുമത്തിയിട്ടുണ്ട്. ഈ കുറ്റം ചുമത്തുന്നതോടെ വിചാരണ കഴിയുംവരെ ജാമ്യം പോലും ലഭിക്കില്ല.

നേരത്തെയും സഭയ്ക്കുള്ളില്‍ അച്ചടക്ക നടപടി ഇയാള്‍ നേരിട്ടിരുന്നു. വിവരം പുറത്തായതോടെ ഒളിവില്‍ പോയ വികാരിയെ പേരാവൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് തിങ്കളാഴ്ച വൈകിട്ട് അങ്കമാലിയില്‍ വെച്ച് പിടികൂടിയത്. തുടര്‍ന്ന് കേളകം പോലീസ് സ്‌റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വൈദികന്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ശാരീരിക പരിശോധനകള്‍ക്കു വിധേയമാക്കിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. അതേസമയം പള്ളി വികാരിയും സ്‌കൂള്‍ മാനേജരുമായ ആള്‍ പീഡനക്കേസില്‍ പ്രതിയായതോടെ പ്രദേശത്ത് അമര്‍ഷം ശക്തമാണ്.
കുട്ടിയുടെ പിതാവാണു പീഡിപ്പിച്ചതെന്ന തരത്തില്‍ കേസിനെ വഴിമാറ്റിവിടാനുള്ള നീക്കങ്ങള്‍ നടന്നെങ്കിലും സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചു പ്രതിയായ വൈദികനെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞതായി പേരാവൂര്‍ പോലീസ് അറിയിച്ചു. പ്രസവ വിവരം മറച്ചുവച്ച ആശുപത്രിക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
