പട്ടാപ്പകല്‍ വീട് തുറന്ന് പണവും സ്വര്‍ണാഭരണവും കവര്‍ന്നു

നാദാപുരം: പട്ടാപ്പകല്‍ വീട് തുറന്ന് പണവും സ്വര്‍ണാഭരണവും കവര്‍ന്നു. ചേലക്കാട് നരിക്കാട്ടേരിയിലെ മണ്ടോടി മീത്തല്‍ കുമാരന്‍റെ വീട്ടിലാണ് കവര്‍ച്ച. ഞായറാഴ്ച രാവിലെ പതിനൊന്ന് മണിക്ക് വീട് പൂട്ടി കുമാരനും കുടുംബവും കുമ്മങ്കോട് ഗൃഹപ്രവേശത്തിന് പോയ സമയത്താണ് മോഷണം.
ഗൃഹപ്രവേശം കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയപ്പോള്‍ വീടിനകത്തെ അലമാരയിലെ സാധനങ്ങള്‍ വലിച്ചിട്ട നിലയില്‍ കണ്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പണവും സ്വര്‍ണാഭരണവും നഷ്ടപ്പെട്ട വിവരം അറിയുന്നത്.
വീട് പൂട്ടി താക്കോല്‍ വീടിന്‍റെ പരിസരത്ത് വെച്ചതായിരുന്നു. ഈ താക്കോലെടുത്ത് വാതില്‍ തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നതെന്ന് വീട്ടുകാര്‍ പറയുന്നു. അലമാരയില്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ സൂക്ഷിച്ച ഒരു പവന്‍ തൂക്കം വരുന്ന ചെയിനും, അന്പതിനായിരം രൂപയുമാണ് നഷ്ടപ്പെട്ടതെന്ന് വീട്ടുകാര്‍ വ്യക്തമാക്കി. നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

