നൗഷാദിന്റെ ജീവിതം സിനിമയാകുന്നു

കോഴിക്കോട്: മാന്‍ഹോള്‍ അപകടത്തില്‍ രക്ഷകനായി ഇറങ്ങി മരണത്തിന് കീഴടങ്ങിയ കോഴിക്കോട്ടെ ഓട്ടോ ഡ്രൈവര്‍ നൗഷാദിന്റെ ജീവിതം സിനിമയാകുന്നു. അപകടങ്ങളില്‍ സ്വന്തം ജീവന്‍ മറന്ന് രക്ഷകനായി എത്താറുള്ള നൗഷാദിന്റെ ത്യാഗ നിര്‍ഭരമായ ജീവിതമാണ് സിനിമയ്ക്ക് പ്രമേയമാവുന്നത്. ‘ഞങ്ങളുടെ സ്വന്തം ഉണ്ണിക്ക’ എന്നുപേരിട്ട സിനിമ സംവിധാനം ചെയ്യുന്നത് സജീഷ് വേലായുധനാണ്. കോഴിക്കോട് സ്വദേശികളായ ശ്രീജേഷും വിപിനേഷുമാണ് തിരക്കഥയൊരുക്കുന്നത്. ശ്രീജേഷ് വിപിനേഷ് എന്ന ഒറ്റപ്പേരിലായിരിക്കും തിരക്കഥ. പ്രശസ്ത ഗാനരചയിതാവ് ബാപ്പു വാവാടിന്റെ വരികള്‍ക്ക് സംഗീതമൊരുക്കുന്നത് മോഹന്‍ സിത്താര.
നൗഷാദിന്റെ കുടുംബത്തിന്റെ പൂര്‍ണ സമ്മതത്തോടെയും സഹകരണത്തോടെയുമാണ് സിനിമയൊരുക്കുകയെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നൗഷാദിന്റെ ഓട്ടോറിക്ഷതന്നെ സിനിമയിലും ഉപയോഗിക്കാനാണ് സംഘാടകരുടെ തീരുമാനം. അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നിറങ്ങിയ സജീഷ് വേലായുധന്‍ നിരവധി പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ്. കോഴിക്കോട് സാമൂതിരിയെക്കുറിച്ചുള്ള സജീഷിന്റെ ഡോക്യുമെന്ററി ശ്രദ്ധേയമായിരുന്നു. സന്തോഷ് ശിവന്റെ അസോസിയേറ്റ് ക്യാമറമാനും സിദ്ധാര്‍ഥയടക്കം നിരവധി ചിത്രങ്ങള്‍ക്ക് സ്വതന്ത്രമായി ക്യാമറ ചലിപ്പിക്കുകയും ചെയ്ത ബിജോയ്‌സാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.കഥപറയുമ്പോള്‍, ഇന്ത്യന്‍ റുപ്പി എന്നീ സിനിമകളില്‍ പ്രവര്‍ത്തിച്ച സുരേഷ് ഫിറ്റ്‌വെല്‍ ആണ് കോസ്റ്റ്യൂമര്‍. ആമേന്‍, മംഗ്ലീഷ് തുടങ്ങിയ സിനിമകളുടെ കണ്‍ട്രോളര്‍ ആയ ഷെയ്ഖ് അഫ്‌സല്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറും, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് താജുദ്ദീനും ദിനേശ് കാലിക്കറ്റ് മേക്കപ്പും നിര്‍വഹിക്കുന്നു. കുടമാളൂര്‍ രാജാജി ചീഫ് അസോസിയേറ്റ് ഡയറക്ടറാണ്. കോഴിക്കോടും ഗുരുവായൂരുമായിരിക്കും പ്രധാന ലൊക്കേഷനുകള്‍. മലയാള സിനിമയിലെ പ്രശസ്ത യുവനടന്‍ തന്നെയാവും നൗഷാദായി രംഗത്ത് വരിക. അദ്ദേഹവുമായുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. നൗഷാദ് ഇന്ന് കേവലം ഒരു പേരല്ല, മറിച്ച് ജാതിയും മതവും നിറങ്ങളും ദേശങ്ങളും പോരടിക്കുന്ന കാലത്ത് സ്വന്തം ജീവന്‍ മറന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ ജ്വലിക്കുന്ന നക്ഷത്രമായി മാറി. നൗഷാദിന്റെ ഓര്‍മകള്‍ കേവലം വാര്‍ഷിക അനുസ്മരണങ്ങളില്‍ ഒതുങ്ങിപ്പോവാതെ പുതുതലമുറയുടെ മാര്‍ഗദര്‍ശിയായി മാറണം എന്നതാണ് സിനിമകൊണ്ട് ലക്ഷ്യംവെക്കുന്നതെന്നും, അതുകൊണ്ടാണ് തന്റെ ആദ്യ സിനിമ ഇതാവണമെന്ന് തീരുമാനിച്ചതെന്നും സജീഷ് വേലായുധന്‍ പറഞ്ഞു. ചാലിയാര്‍ എന്ന പുതിയ ബാനറിലായിരിക്കും നിര്‍മാണം. പത്രസമ്മേളനത്തില്‍ സംവിധായന്‍ സജീഷ് വേലായുധന്‍, തിരക്കഥാകൃത്തുക്കളായ ശ്രീജേഷ്, വിപിനേഷ്, ഗാനരചയിതാവ് ബാപ്പു വാവാട്, നൗഷാദിന്റെ ഭാര്യാപിതാവ് ഹംസക്കോയ, അമ്മാവന്‍മാരായ ഷാജി, ഷാഫി, സഹോദരിഭര്‍ത്താവ് സല്‍മാന്‍ പങ്കെടുത്തു.

