KOYILANDY DIARY

The Perfect News Portal

നൈപുണ്യ കര്‍മ്മസേന സ്ഥിരം സംവിധാനമാക്കുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍

കൊച്ചി: നൈപുണ്യകര്‍മ്മസേന സ്ഥിരം സംവിധാനമാക്കുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍. പ്രളയ ദുരന്തമേഖലകളിലെ ജനജീവിതം സാധാരണനിലയിലെത്തിക്കുന്നതിന് വ്യാവസായിക പരിശീലനവകുപ്പിലെ ട്രെയിനികളും ഇന്‍സ്ട്രക്ടര്‍മാരും ജീവനക്കാരും ചേര്‍ന്ന് രൂപീകരിച്ച നൈപുണ്യകര്‍മ്മസേനാംഗങ്ങളെ ആദരിക്കുന്നതിന് ഹരിതകേരളമിഷനും വ്യവസായിക പരിശീലനവകുപ്പും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍മ്മസേനയെ സംരംഭകത്വക്ലബ്ബുകളുടെയും പ്ലേസ്മെന്റ് സെല്ലുകളുടെയും മാതൃകയില്‍ വകുപ്പിന് കീഴില്‍ സ്ഥിരം സംവിധാനമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക വികസനത്തില്‍ നിര്‍ണായകമായ ഇടപെടല്‍ നടത്താന്‍ കഴിയുമെന്നാണ് നൈപുണ്യകര്‍മ്മസേനയുടെ വിജയകരമായ പ്രവര്‍ത്തനം തെളിയിക്കുന്നത്. നാഷണല്‍ സര്‍വീസ് സ്‌കീം ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സാമൂഹ്യസേവനത്തിനുള്ള അവസരങ്ങള്‍ ഏറെയുണ്ട്. അതില്‍ നിന്നും വ്യത്യസ്തമായി കര്‍മ്മസേനയുടെ സേവനം സാമൂഹ്യസേവനത്തിനൊപ്പം നൈപുണ്യശേഷിയുമായി ബന്ധപ്പെട്ടതാണെന്നും പ്രകൃതിദുരന്തങ്ങള്‍ പോലുള്ള സന്ദര്‍ഭങ്ങളില്‍ ഇവരുടെ സേവനം ഫലപ്രദമായി ഉപയോഗിക്കാനാകും.

ഹരിതകേരളമിഷന്റെ സഹകരണത്തോടെ ഐടിഐകളിലെ ഇലക്‌ട്രീഷ്യന്‍, വയര്‍മാന്‍, പ്ലംമ്ബര്‍, വെല്‍ഡര്‍, കാര്‍പെന്റര്‍, റെഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടീഷന്‍, ഇലക്‌ട്രോണിക്സ്, മെക്കാനിക്ക് ട്രേഡുകളിലെ സാങ്കേതിക പരിജ്ഞാനമുള്ള മൂവായിരത്തിലധികം ട്രെയിനികളുടെയും അഞ്ഞൂറിലധികം ഇന്‍സ്ട്രക്ടര്‍മാരുടെയും ഈ കൂട്ടായ്മ 5480 വീടുകളില്‍ ഇലക്‌ട്രിക്കല്‍, പ്ലംബിംഗ്, കാര്‍പെന്ററി, ജോലികളും ഗൃഹോപകരണങ്ങളുടെ അറ്റകുറ്റപ്രവൃത്തികളും മികച്ച രീതിയില്‍ നിര്‍വഹിച്ചു. കേരളത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയമായ ഒരേടായി ഇവരുടെ സേവനം മാറിയിരിക്കുകയാണെന്നും, നൈപുണ്യകര്‍മ്മ സേനയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *