നൈട്രോസന്‍ ഗുളികകളുമായി ടെക്കി പിടിയില്‍

തിരുവനന്തപുരം: നൈട്രോസന്‍ ഗുളികകളുമായി ടെക്കി പിടിയില്‍. ടെക്നോപാര്‍ക്കില്‍ ജോലി ചെയ്യുന്ന യുവാക്കള്‍ക്ക് നൈട്രോസന്‍ ഗുളികകള്‍ വിതരണം ചെയ്യുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. കഴക്കൂട്ടത്താണ് സംഭവം. ഇത് വ്യക്തമാക്കുന്നത് ഐ.ടി നഗരമായ കഴക്കൂട്ടത്ത് യുവതീയുവാക്കള്‍ക്കിടയില്‍ വേദനാസംഹാരിയായ നൈട്രോസന്‍ ഗുളികയുടെ ഉപയോഗം വര്‍ധിക്കുന്നു എന്നാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
കഴക്കൂട്ടം എക്സൈസ് ഇന്‍സ്പെക്ടര്‍ നടത്തിയ പരിശോധനയില്‍ 30 നൈട്രോസന്‍ ഗുളികകളുമായി മുട്ടത്തറ പെരുന്തല്ലി പുതുവല്‍ പുത്തന്‍വീട്ടില്‍ അനീഷ് (20) ആണ് പിടിയിലായത്. ടെക്നോപാര്‍ക്കിലെ ടെക്കികള്‍ക്ക് ഗുളികകള്‍ വിതരണം ചെയ്യുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.

ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്നവരാണ് കൂടുതലും ഇതിന്റെ ഉപഭോക്താക്കളെന്ന് അനീഷ് പറഞ്ഞു. മാസങ്ങളായി ഗുളിക വാങ്ങുന്നവരെ നിരീക്ഷിച്ചപ്പോഴാണ് അനീഷ് പിടിയിലായതെന്ന് എക്സൈസ് അറിയിച്ചു. മെഡിക്കല്‍ സ്റ്റോറുകളില്‍ ഡോക്ടറുടെ കുറിപ്പില്ലാതെ ഈ ഗുളിക ലഭിക്കില്ല. അനധികൃതമായി മെഡിക്കല്‍ സ്റ്റോറുകളില്‍നിന്നു ശേഖരിക്കുന്ന ഗുളിക തിരുവനന്തപുരത്തിന്റെ പല ഭാഗങ്ങളില്‍ യുവാക്കള്‍ക്ക് വില്‍ക്കുകയാണ് ഇയാള്‍ ചെയ്യുന്നത്.

മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും വിഷാദരോഗികള്‍ക്കും വേദനാസംഹാരിയായി നല്കുന്ന ഈ ഗുളിക കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കും. അതേസമയം, ഇത്തരം ഗുളികകളുടെ മൊത്ത വില്‍പ്പനക്കാരനായ മുട്ടത്തറ സ്വദേശിയെ കുറിച്ച് എക്സൈസ് അന്വേഷിച്ച് വരികയാണ്.

10 ഗുളികയ്ക്ക് 450 രൂപയാണ് ചെലവ്. മാസങ്ങളായി കഴക്കൂട്ടത്ത് ഗുളിക വില്‍പ്പന നടത്തുന്നുണ്ടെന്നും പെണ്‍കുട്ടികളാണ് കൂടുതല്‍ വാങ്ങുന്നതെന്നും എക്സൈസ് പറഞ്ഞു. ഗുളിക ഉയോഗിച്ച് കഴിഞ്ഞാല്‍ 48 മണിക്കൂര്‍ വരെ ബോധമില്ലാതെ ഉറങ്ങും. അവധി ദിവസങ്ങളിലാണ് ടെക്കികള്‍ കൂടുതലായി ഗുളികകള്‍ ഉയോഗിക്കുന്നത്. ആദ്യം ലഹരിക്കായി ഉപയോഗം തുടങ്ങുകയും ക്രമേണ ഇതിന് അടിമപ്പെടുകയും ചെയ്യും.
ഉപയോഗിക്കുന്നവര്‍ വിഷാദരോഗത്തിനടിമപ്പെടുകയും തുടര്‍ന്നു അവരുടെ ആരോഗ്യസ്ഥിതി മോശമാകുകയും കരളിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുകയും കാഴ്ചശക്തി കുറയുകയും ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
