നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി.കൃഷ്ണദാസിനെ പൊലീസ് അറസ്റ്റു ചെയ്തു

തൃശൂര്‍ : നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി.കൃഷ്ണദാസിനെ പൊലീസ് അറസ്റ്റു ചെയ്തു. നെഹ്റു ഗ്രൂപ്പിന്റെ കീഴിലുള്ള ലക്കിടി ജവഹര്‍ലാല്‍ കോളജിലെ വിദ്യാര്‍ഥി ഷൗക്കത്തലിയെ മര്‍ദിച്ച കേസിലാണ് നടപടി. കൃഷ്ണദാസിനൊപ്പം കേസില്‍ പ്രതികളായ മറ്റു മൂന്നുപേരും അറസ്റ്റിലായി. പിആര്‍ഒ വല്സലകുമാര്, അധ്യാപകന് സുകുമാരന്‍, ലീഗല്‍ അഡ്വൈസര്‍ സുചിത്ര എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. വിദ്യാര്‍ഥിയെ കൃഷ്ണദാസ് മര്‍ദിച്ചെന്നും ചോദിക്കാന്‍ ചെന്ന രക്ഷിതാവിനെ ഭീഷണിപ്പെടുത്തിയെന്നുമാണു പരാതി.
പാമ്പാടി നെഹ്റു കോളജിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു ആത്മഹത്യ ചെയ്ത കേസിലെ ഒന്നാം പ്രതി കൂടിയാണ് അറസ്റ്റിലായ കൃഷ്ണദാസ്. ഈ കേസില്‍ ഇയാള്‍ ജാമ്യത്തിലാണ്. നേരത്തെ, തൃശൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൃഷ്ണദാസിനെ കസ്റ്റഡിയില്‍ എടുത്തത്.

