നിലപാടില്‍ വീണ്ടും മാറ്റം വരുത്തി ശ്രീധരന് പിള്ള

ശബരിമല: സ്ത്രീ പ്രവേശനമല്ല കമ്മ്യൂണിസ്റ്റുകാരാണ് ശബരിമലയിലെ പ്രശ്നം എന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന് പിള്ളയുടെ പ്രസ്താവനയില്‍ വീണ്ടും അദ്ദേഹത്തിന്റെ തിരുത്ത്. ശബരിമല സ്ത്രീ പ്രവേശനത്തിനെതിരല്ലെന്ന് പറഞ്ഞിട്ടില്ലെന്നാണ് ശ്രീധരന് പിള്ള ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘ശബരിമലയില്‍ ആചാരലംഘനത്തിനായി എത്തുന്ന യുവതികളെ പ്രവേശിപ്പിക്കുന്നതാണ് പ്രശ്നം. സ്ത്രീ പ്രവേശനമല്ല. ശബരിമല തകര്‍ക്കാനായി കമ്മ്യൂണിസ്റ്റുകള്‍ നടത്തിവരുന്ന ശ്രമത്തെപ്പറ്റി തുടക്കം മുതലെ ഞാന്‍ പറയുന്നത് ഇന്നും കോഴിക്കോട് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെ ആവര്‍ത്തിക്കുകയായിരുന്നു. ആ പ്രസ്താവനയെ തെറ്റായി ഉദ്ധരിച്ചും വളച്ചൊടിച്ചും തെറ്റിദ്ധാരണ പരത്താനുള്ള ചിലരുടെ ശ്രമം നിര്‍ഭാഗ്യകരമാണ്’.അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ബിജെപിയുടെ സമരം ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെതിരെയല്ലെന്നും കമ്മ്യൂണിസ്റ്റുകള്‍ക്കെതിരാണെന്നുമാണ് ശ്രീധരന് പിള്ള ഇന്നലെ പറഞ്ഞത്. കമ്മ്യൂണിസ്റ്റുകള്‍ക്കെതിരെയാണ് സമരമെന്നും അല്ലാതെ സ്ത്രീകള്‍ വരുന്നോ പോകുന്നോയെന്ന് നോക്കാന്‍ വേണ്ടിയല്ലെന്നും ബിജെപിയുടെ അജണ്ട വ്യക്തമാക്കിക്കൊണ്ട് ശ്രീധരന്‍പിള്ള കോഴിക്കോട് പറഞ്ഞിരുന്നു.

എന്നാല്‍ സംഭവം വിവാദമായപ്പോള്‍ അദ്ദേഹം വീണ്ടും മലക്കംമറിയുകായായിരുന്നു. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധി വന്നശേഷം നിരവധി തവണയാണ് ശ്രീധരന്‍പിള്ള നിലപാടുകളില്‍ മാറ്റം വരുത്തിയത്. ആദ്യം വിധിയെ സ്വാഗതം ചെയ്ത പിള്ളയും ബിജെപിയും രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരം മുന്നില്‍ക്കണ്ട് അധികം വൈകാതെ വിധി നടപ്പിലാക്കുന്നതിനെതിരെ സമരവുമായി രംഗത്തെത്തി.

ആദ്യം ഭക്തരാണ് സമരരംഗത്തുള്ളത് എന്ന പിള്ളയുടെ വാദം യുവമോര്‍ച്ചയുടെ രഹസ്യ യോഗത്തില്‍ നടത്തിയ പ്രസംഗം പുറത്തുവന്നതോടെ പൊളിഞ്ഞു. ശബരിമല വിഷയത്തില്‍ ബിജെപി മുന്നോട്ടുവച്ച അജണ്ടയില്‍ എല്ലാവരും വീണെന്നും ബിജെപിക്കിത് സുവര്‍ണാവസരമാണെന്നുമായിരുന്നു ശ്രീധരന്‍പിള്ള രഹസ്യയോഗത്തില്‍ പറഞ്ഞത്.
നടയടക്കുമെന്ന പ്രഖ്യാപനത്തിന് മുന്‍പ് തന്ത്രി തന്നെ വിളിച്ചിരുന്നു എന്നുപറഞ്ഞ ശ്രീധരന്‍പിള്ള പിന്നീട് നിയമോപദേശം തേടുക മാത്രമാണുണ്ടായത് എന്നു തിരുത്തി. തന്ത്രി കണ്ഠര് രാജീവര് ഇത് നിഷേധിച്ചതോടെ എന്നാല്‍ മറ്റാരെങ്കിലുമാകും വിളിച്ചതെന്നായി പിള്ളയുടെ നിലപാട്. അടിക്കടി നിറം മാറുന്നതു കാരണം സാമൂഹ്യമാധ്യമങ്ങളിലും കണക്കിന് പരിഹാസം ഏറ്റുവാങ്ങുകയാണ് പിള്ള. അതിനിടെയാണ് സ്ത്രീപ്രവേശനത്തിനെതിരെ ഇതുവരെ സ്വീകരിച്ച നിലപാടുകള്‍ മുഴുവന്‍ വിഴുങ്ങി പുതിയ നിലപാടുമായി പിള്ള രംഗത്തെത്തിയത്.
