നിലത്തിഴയും മുടിയുമായി കൊലുമ്പന്റെ പിന്‍ഗാമി
മൂലമറ്റം: ഇരുപത്തിയഞ്ച‌് വര്‍ഷമായി നീട്ടിവളര്‍ത്തുന്ന മുടിയുമായി കൊലുമ്പന്റെ പിന്‍ഗാമി. കണ്ടാല്‍ പുരാണ കഥാപാത്രങ്ങളായ താപസന്മാരെയാണ‌് ഓര്‍മവരിക. ആദിവാസികളുടെ പരമ്പരാഗത രീതിയിലാണ‌് നാടുകാണി പുത്തടം ഊരിലെ തൊട്ടിയില്‍ കൊലുമ്ബന്‍ രാഘവന്റെ ജീവിതം.
മൂലമറ്റം സ്വകാര്യ ബസ‌് സ്റ്റാന്‍ഡിരിക്കുന്ന ഭാഗം ആദിവാസികുടിയിയിരുന്നു. അന്ന‌് അവിടെയായിരുന്നു രാഘവന്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിച്ചിരുന്നത‌്. പുറംനാട്ടുകാരുടെ അധിനിവേശം കൂടിയപ്പോള്‍ ഇവര്‍ നാടുകണി പുത്തടം എന്ന സ്ഥലത്തേക്ക‌് മാറി. രാഘവനെ മറ്റുള്ളവരില്‍നിന്നും വത്യസ്തനാകുന്നത് എട്ടടിയോളം നീളത്തിലുള്ള ജഡ പിടിച്ച മുടിയാണ‌്. മുടി തലപ്പാവുപോലെ മനോഹരമായി ചുറ്റിക്കെട്ടിവച്ച് അതിന്റെ മുകളില്‍ ഒരു തോര്‍ത്തും കെട്ടിയാണ് നടപ്പ്.

മുടി ഇപ്പോഴും വളരുന്നുണ്ടെന്ന‌് രാഘവന്‍ പറയുന്നു. ആധുനിക ലോകത്തിന്റെ കെട്ടുപാടിലൊന്നുംപെടാതെ തികച്ചും പരമ്ബരാഗത രീതിയിലാണ‌് ഈ 76 കാരന്റെ ജീവിതം. അവിവാഹിതനാണ‌്. സര്‍ക്കാര്‍ നല്‍കുന്ന ക്ഷേമപെന്‍ഷനും സൗജന്യ അരിയുമാണ് ജീവിത മാര്‍ഗം. നിലവില്‍ കുടിവെള്ളം ഇല്ലാത്തിനാല്‍ അടുത്തുള്ള വീട്ടിലെ മഴവെള്ള സംഭരണിയില്‍നിന്നും ചുമന്നുകൊണ്ടുവേണം പോകാന്‍. ഇപ്പോ പഴയതുപോലെ പണിയെടുക്കാന്‍ പറ്റില്ലെന്നും രാഘവന്‍ പറഞ്ഞു. ആറാം ക്ലാസ‌് വിദ്യാഭ്യാസമുള്ള രാഘവന് എഴുതാനും വായിക്കാനും അറിയാം. ഇപ്പോ കാഴ്ചക്കുറവുണ്ട‌്.

”ഞങ്ങള്‍ ഇടുക്കി ഡാം കെട്ടാന്‍ സ്ഥലം കാണിച്ചുകൊടുത്ത കൊലുമ്ബന്റെ വംശത്തിലുള്ളവരാ”ണെന്ന‌് രാഘവന്‍ പറയുന്നു. കാടിന്റെ നേരവകാശികളായ തങ്ങള്‍ക്ക‌് കാട്ടുകിഴങ്ങും തേനും മറ്റു വിഭവങ്ങളും ശേഖരിക്കാന്‍ വനംവകുപ്പ‌് സമ്മതിക്കുന്നില്ല. ഒരേക്കര്‍ സ്ഥലത്ത‌് കാപ്പി കൃഷിയുണ്ടെങ്കിലും വിലയില്ലാത്തതിനാല്‍ മെച്ചമില്ല. വനംവകുപ്പിന്റെ കടുംപിടുത്തത്തില്‍ രാഘവനെപോലുള്ള കാടിന്റെ മക്കളുടെ പച്ച മരുന്നുകളും വിഭവങ്ങളും കാടിനെക്കുറിച്ചുള്ള അറിവുകളുമാണ‌് മറയുന്നത‌്.




