നിയന്ത്രണംവിട്ട ടിപ്പര്‍ലോറി വീട്ടിലേക്ക് പാഞ്ഞുകയറി

പത്തനാപുരം: മിനി ഹൈവേയില്‍ തലവൂര്‍ മേലേപ്പുര ജങ്ഷനു സമീപം നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി വീട്ടിലേക്ക് പാഞ്ഞു കയറി. അപകടത്തില്‍ മേലേപ്പുര സൗപര്‍ണ്ണികയില്‍ സോമന്റെ വീടിന്റെ മതിലും, ജനലും പൂര്‍ണമായും തകര്‍ന്നു. ഇന്നലെ പുലര്‍ച്ചെ 5.45 ഓടെയായിരുന്നു സംഭവം. കൊട്ടാരക്കര ഭാഗത്തു നിന്നും കോന്നിയിലെ പാറക്വാറിയിലേക്ക് പോയ ടിപ്പര്‍ലോറിയാണ് അപകടത്തില്‍പെട്ടത്.
അമിതവേഗതയാണ് അപകടകാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വീടിന് ചുറ്റുമതില്‍ ഉണ്ടായിരുന്നതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്. വീടിനോട് ചേര്‍ന്ന് തന്നെ സോമന്റെ ഉടമസ്ഥതയിലുളള സ്റ്റേഷനറികട ഉണ്ടായിരുന്നങ്കിലും കേടുപാടുണ്ടായില്ല. കുന്നിക്കോട് പോലീസ് സ്ഥലത്തെത്തി ടിപ്പര്‍ കസ്റ്റഡിയിലെടുത്തു. പത്തനാപുരം-കിഴക്കേത്തെരുവ് മിനിഹൈവേയിലൂടെയുളള ടിപ്പര്‍ ലോറിയുടെ അമിതവേഗതയിലുളള സഞ്ചാരത്തിനെതിരെ പ്രതിഷേധം ശക്തമാണ്.

