നിപ വൈറസ്: വിദഗ്ധസംഘം പരിശോധന തുടങ്ങി

കോഴിക്കോട്: നിപ വൈറസ് ബാധയുടെ ഉറവിടം തേടി കേന്ദ്രസര്‍ക്കാറിന്റെ വിദഗ്ധസംഘം കൂടുതല്‍ പരിശോധനകള്‍ നടത്തുന്നു. ഇതിനായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ഡയറക്ടര്‍ ഡോ. മനോജ് വി. മുറേക്കറുടെ നേതൃത്വത്തിലുള്ള സംഘം പേരാമ്ബ്ര സന്ദര്‍ശിച്ചു. സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ആദ്യമായി രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിലേക്കു പോയി വിവരണശേഖരണം നടത്തിയത്.
സാബിത്തിനു രോഗബാധയുണ്ടായതിനു മുമ്പുള്ള വിവരങ്ങളും സംഘം പരിശോധിക്കുന്നുണ്ട്. ഡോ. എ.പി. സുഗുണന്‍, ഡോ. തരുണ്‍ ഭട്നാഗര്‍, ഡോ. പി. മാണിക്കം, ഡോ. കരിഷ്മ കൃഷ്ണക്കുറുപ്പ്, ഡോ. ആരതി രഞ്ജിത് എന്നിവരടങ്ങിയ സംഘമാണ് പേരാമ്ബ്രയിലെത്തിയത്. ഐ.സി.എം.ആര്‍., എന്‍.സി.ഡി.സി. സംഘങ്ങളും പരിശോധന തുടരുന്നുണ്ട്. സംസ്ഥാനത്തുനിന്നുള്ള വിദഗ്ധരുടെ സഹായത്തോടെയാണ് കേന്ദ്രസംഘത്തിന്റെ പരിശോധനയും പഠനവും.

വ്യാഴാഴ്ച ആരിലും നിപ സ്ഥിരീകരിച്ചില്ല. 25 പരിശോധനാഫലങ്ങള്‍ കിട്ടിയതില്‍ ആര്‍ക്കും രോഗമില്ല. ഇതുവരെ കിട്ടിയ 296 ഫലങ്ങളില്‍ 278 പേര്‍ക്കും രോഗമില്ലെന്നാണ് തെളിഞ്ഞത്. മെഡിക്കല്‍ കോളേജില്‍ ഒന്‍പതുപേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ അഞ്ചുപേര്‍ വ്യാഴാഴ്ച എത്തിയവരാണ്. സമ്പര്‍ക്കപ്പട്ടികയില്‍ 2626 പേരാണ് ഇപ്പോഴുള്ളത്. ഇപ്പോഴത്തെ സാഹചര്യം തുടര്‍ന്നാല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ 12-നു തന്നെ തുറക്കും.

ഗസ്റ്റ് ഹൗസില്‍ നിപ അവലോകനയോഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ജില്ലാകളക്ടര്‍ യു.വി. ജോസ്, ഡി.എം.ഒ. ഡോ. വി. ജയശ്രീ, മെഡിക്കല്‍ കോളേജ് ആസ്പത്രി സൂപ്രണ്ട് ഡോ. കെ.ജി. സജീത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

