നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്

കൊച്ചി: നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്. രോഗിയുടെ സ്വദേശമായ വടക്കന്‍ പരവൂരില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇതിനോടകം പരിശോധന തുടങ്ങി.
രോഗിയുടെ സ്വദേശമായ വടക്കേക്കര പഞ്ചായത്തിലെയും പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെയും മുഴുവന്‍ ജനപ്രതിനിധികളുമായി യോഗം ചേര്‍ന്ന ശേഷമാണ് ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധന നടപടികളിലേക്ക് കടന്നത്. മുന്‍കരുതലുകള്‍ ചര്‍ച്ച ചെയ്ത ശേഷം വിവിധ ബ്ലോക്കുകളായി തിരിഞ്ഞായിരുന്നു പരിശോധന.

ഈ മേഖലകളില്‍ സമീപദിവസങ്ങളില്‍ വവ്വാലുകള്‍ കൂട്ടമായി ചത്തിട്ടുണ്ടോ, പന്നി ഫാമുകളുണ്ടോ, അവയ്ക്ക് അസുഖം ഉണ്ടോ, വീടുകളിലുള്ളവര്‍ക്ക് പനി, ഛര്‍ദ്ദി, ശക്തമായ തലവേദന എന്നിവയുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ഉദ്യോഗസ്ഥര്‍ പ്രധാനമായും പരിശോധിക്കുന്നത്.

രോഗിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയ കൂടുതല്‍ പേരുണ്ടോ എന്ന് അന്വേഷിച്ച് അവരുടെ സാംപിള്‍ ശേഖരിക്കാനും നടപടി എടുക്കും. പ്രതിരോധ നടപടിയുടെ ഭാഗമായി പറവൂര്‍ ബ്ലോക്കിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പനി ക്ലിനിക് തുടങ്ങാനും തിരുമാനമായി.

അതേ സമയം രോഗിയുടെ ഇടുക്കിയിലുള്ള സഹപാഠികള്‍ക്കൊന്നും രോഗലക്ഷണം കണ്ടെത്താനായില്ല. ഒരു ദിവസം മാത്രം വിദ്യാര്‍ത്ഥി ഇടുക്കിയില്‍ ആയിരുന്നതിനാല്‍ നിപയുടെ പ്രഭവകേന്ദ്രം തൊടുപുഴയാണെന്ന് പറയാനാകില്ലെന്ന് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലയില്‍ ആരും നിരീക്ഷണത്തിലില്ലെങ്കിലും ഇടുക്കിയിലും തൊടുപുഴയിലുമായി ജില്ലയിലെ രണ്ട് ആശുപത്രികളില്‍ ഐസോലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ചിട്ടുണ്ട്
അതേ സമയം നിപാ രോഗിയുടെ സഹപാഠികളായ മൂന്ന് പേര്‍ കൊല്ലത്ത് നിരീക്ഷണത്തില്‍ ആണ്. വിദ്യാര്‍ത്ഥിക്കൊപ്പം തൃശ്ശൂരിലെ പരിശീലന പരിപാടിയിലും പങ്കെടുത്തവരാണ് ഇവര്‍. മുന്‍കരുതലെന്ന നിലയില്‍ കൊല്ലം ജില്ലാ ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും ഐസൊലേഷന്‍ വാര്‍ഡ് ക്രമീകരിക്കും
യുവാവ് തൊഴില്‍ പരിശീലനം തേടിയ തൃശൂരില്‍ 27 പേര്‍ നിരീക്ഷണത്തില്‍ ആണെങ്കിലും ആര്‍ക്കും രോഗലക്ഷണങ്ങളില്ല. നേരിയ പനിയുള്ള പരിശീലന കേന്ദ്രത്തിലെ അധ്യാപികയെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്ക് വിധേയയാക്കി. ഇവര്‍ക്ക് പേടിച്ച് പനി വന്നതാണെന്നാണ് പ്രാഥമിക നിഗമനം. തൃശൂരിലും 24 മണിക്കൂര്‍ കണ്ട്രോള് റൂം തുറന്നിട്ടുണ്ട്.
