നിപ്പവ വൈറസ്: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: എറണാകുളത്ത് പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപ്പ ബാധിച്ചുവെന്ന് സംശയം പ്രകടിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ എല്ലാം സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. നിലവിലുള്ള സാഹചര്യത്തെ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ആരോഗ്യ വകുപ്പ് നല്കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പിന്തുടരാന് മുഖ്യമന്ത്രി എല്ലാവരോടും ആവശ്യപ്പെട്ടു.
ആരും ഭയപ്പെടേണ്ട സാഹചര്യമില്ല. ജാഗ്രതയാണ് വേണ്ടത്. ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണ്. നിപ്പ വൈറസിനെപ്പറ്റി സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചാരണങ്ങള്‍ നടത്തരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അതേസമയം, എറണാകുളത്ത് പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപ വൈറസെന്ന് സംശയിക്കുന്നുവെങ്കിലും ഭയപ്പെടേണ്ട കാര്യമില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നിപ വൈറസ് ബാധയാണെന്ന് പൂര്‍ണമായി ഉറപ്പിക്കാന്‍ കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ ലഭിക്കാനുണ്ട്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലം കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കഠിനമായ ചുമ, പനി മുതലായ രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരും മറച്ച് വയ്ക്കാതെ എത്രയും പെട്ടന്ന് ചികിത്സ തേടണം. അതുപോലെ ആശുപത്രികള്‍ക്കും രോഗ പര്യവേക്ഷണത്തിനും അണുബാധ നിയന്ത്രണത്തിനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണ്. വിവിധ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡ് അടക്കമുള്ള സംവിധാനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

നിപ വൈറസിനെപ്പറ്റി വ്യാജ പ്രചാരണങ്ങള്‍ നടത്താതിരിക്കുക. എന്താണ് നിപ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെന്നും എല്ലാവര്ക്കും അവബോധം ഉണ്ടാകണം. ഇതിന് സഹായകരമായ നിലവിലുള്ള മാര്‍ഗ രേഖകള്‍ ആരോഗ്യ വകുപ്പ് വെബ്സൈറ്റായ http://www.dhs.kerala.gov.in/ ല്‍ ലഭ്യമാണെന്നും മന്ത്രി അറിയിച്ചു.
