നാല്‍പ്പത് വര്‍ഷം മുമ്പ് കാണാതായ ആളെ കണ്ടെത്താന്‍ സഹായിച്ചത് യൂടൂബ്

മുംബൈ: മുംബൈയിലെ തെരുവോരങ്ങളില്‍ ബോളിവുഡ് സിനിമയിലെ പാട്ടുകള്‍ പാടി നടക്കുന്ന 66 കാരനായ വൃദ്ധനെ മൊബൈലില്‍ പകര്‍ത്തുമ്പോള്‍ ഫോട്ടോഗ്രാഫറായ ഫിറോസ് ഷക്കീര്‍ കരുതിയിരിക്കില്ല, അത് ഒരു കുടുംബത്തിന്‍റെ ഒന്നുചേരലാകുമെന്ന്. നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുമ്ബ് മണിപ്പൂരിലെ വീട്ടില്‍നിന്ന് കാണാതായതാണ് കൊംദാന്‍ സിംഗിനെ. 1978 ല്‍ വീട് വിട്ട് പോകുമ്ബോള്‍ ഇയാള്‍ക്ക് പ്രായം 26. കുടുംബം അന്ന് മുതല്‍ അന്വേഷിക്കുന്നുണ്ടായിരുന്നെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല. എന്നാല്‍ ഷക്കീര്‍ പകര്‍ത്തിയ വീഡിയോ അദ്ദേഹം യൂടൂബില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇത് കണ്ടാണ് ബന്ധുക്കള്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട കൊദാന്‍ സിംഗിനെ തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് ബന്ധുക്കള്‍ ഇംഫാല്‍ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. അവര്‍ മുംബൈ പൊലീസില്‍ വിളിച്ച് വിവരങ്ങള്‍ തിരക്കി. അവര്‍ ചെറുപ്പക്കാരനായ സിംഗിന്‍റെ ചിത്രം അയച്ചുകൊടുത്തു. മുംബൈ പൊലീസ് സിംഗിനെ ബാദ്ര റെയില്‍വെ സ്റ്റേഷനില്‍വച്ച് കണ്ടെത്തുകയും പൊലീസ് സ്റ്റേഷനിലെത്തിക്കുകയും ചെയ്തു. ബന്ധുക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവര്‍ മുംബൈയിലെത്തി.

ഇതിനിടെ ഷക്കീര്‍ ഇയാളുമായി അടുപ്പം സൂക്ഷിച്ചിരുന്നു. തെരുവില്‍ അലഞ്ഞ് നടക്കുന്ന ഇയാളെ കുട്ടികള്‍ നേപ്പാളി എന്നാണ് വിളിക്കുന്നത്. എന്നാല്‍ ഇത് കേള്‍ക്കുന്നതോടെ താന്‍ മണിപ്പൂരിയാണെന്നും ഇന്ത്യക്കാരനാണെന്നും പറഞ്ഞ് ഇയാള്‍ ബഹളമുണ്ടാക്കുമായിരുന്നു. ഇത് കണ്ടാണ് താന്‍ ശ്രദ്ധിച്ച് തുടങ്ങിയതെന്ന് ഷക്കീര്‍ പറഞ്ഞു. തെരവിലൂടെ നടന്നുപോകുന്നവര്‍ക്കായി ഇയാള്‍ പാട്ടുപാടും. ഇതിനായി എന്നും ബാന്ദ്രയിലെത്തും. ഇയാള്‍ നേരത്തെ ആര്‍മിയില്‍ സേവനമനുഷ്ഠിക്കുകയായിരുന്നുവെന്നും അച്ഛന്‍റെ മരണത്തോടെ തിരിച്ച് വരികയും ചെയ്തു. നാട്ടിലെത്തിയ ഇയാള്‍ സഹോദരനുമായി വഴക്കിട്ട് വീട് വിട്ട് പോരികയായിരുന്നുവെന്നും തന്നോട് പറഞ്ഞിരുന്നതായും ഷക്കീര്‍.

