നാദാപുരത്ത് 550 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി

നാദാപുരം: വളയംകണ്ടി വാതുക്കലിലെ എളമ്പ മലയോരത്തുള്ള വ്യാജ ചാരായ വാറ്റുകേന്ദ്രം നാദാപുരം എക്‌സൈസ് സംഘം തകര്‍ത്തു. വാറ്റു കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ ചാരായ നിര്‍മ്മാണത്തിനായി തയ്യാറാക്കി സൂക്ഷിച്ച 550 ലിറ്റര്‍ വാഷും ചാരായം വാറ്റാനുളള ഉപകരണങ്ങളും പിടികൂടി. മൂന്ന് കന്നാസുകളിലും, അലൂമിനിയം പാത്രങ്ങളിലും നിറച്ച് മലയോരത്തെ ചേന്ദംകണ്ടി തോടിന്റെ അരികില്‍ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു വാഷ്.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെ നാദാപുരം എക്‌സൈസ് പ്രവന്‍റീവ് ഓഫീസര്‍മാരായ തറോല്‍ രാമചന്ദ്രന്‍, എ.കെ.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് വാറ്റു കേന്ദ്രം കണ്ടെത്തിയത്. സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എ.വിനോദന്‍, കെ.കെ. ജയന്‍, ഡ്രൈവര്‍ പ്രജീഷ് എന്നിവരും എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.

