നഴ്സുമാരുടെ സമരം: തിങ്കളാഴ്ച മുതല്‍ സ്വകാര്യ ആശുപത്രികള്‍ അടച്ചിടാന്‍ തീരുമാനം

തിരുവനന്തപുരം: വേതന വര്‍ദ്ധന ആവശ്യപ്പെട്ട് നഴ്സുമാര്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചതിനെ നേരിടാനുറച്ച് സ്വകാര്യ ആശുപത്രികള്‍. ഇതിന്റെ ഭാഗമായി, തിങ്കളാഴ്ച മുതല്‍ സ്വകാര്യ ആശുപത്രികള്‍ അടച്ചിടാന്‍ തീരുമാനിച്ചു. അടിയന്തരഘട്ടങ്ങളില്‍ അത്യാഹിത വിഭാഗം മാത്രമായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ അസോസിയേഷന്‍ അറിയിച്ചു.
അടിസ്ഥാന ശമ്പളം 20,000 രൂപയായി ഉയര്‍ത്തുക, ശമ്ബളമില്ലാത്ത ട്രെയിനി നഴ്സ് സമ്ബ്രദായം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നഴ്സുമാര്‍ സമരം നടത്തി വരുന്നത്. ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലായി 21 ആശുപത്രികളിലാണ് പണിമുടക്ക് ആരംഭിച്ചത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെനേതൃത്വത്തില്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. 326 ആശുപത്രികളിലാണ് യു.എന്‍.എ. സമരത്തിന് നോട്ടിസ് നല്‍കിയിരിക്കുന്നത്.

ജനറല്‍ നഴ്സിംഗ് വിഭാഗത്തില്‍ അടിസ്ഥാന വേതനം17,200 രൂപയായാണ് വര്‍ദ്ധിപ്പിച്ചത്. നേരത്തെ ഇത് 8,775 ആയിരുന്നു. എന്നാലിത് അപര്യാപ്തമാണെന്നാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നിലപാട്. ഗ്രൂപ്പ് എട്ട് തസ്തികയിലെ(ഏറ്റവും താഴന്ന തസ്തിക) അടിസ്ഥാന വേതനം 7775 രൂപയില്‍ നിന്ന് 15,600 ആയും മിനിമം വേജസ് കമ്മിറ്റിയുമായി നടത്തിയ ചര്‍ച്ചയില്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍, സുപ്രീംകോടതി നിര്‍ദേശിച്ച ശമ്പള വര്‍ദ്ധന നടപ്പാക്കണമെന്നാണ് നഴ്സുമാരുടെ നിലപാട്.

