KOYILANDY DIARY.COM

The Perfect News Portal

നല്ല ശീലം, നല്ല മനസ്സ്, നല്ല വ്യക്തി പദ്ധതിക്ക് തുടക്കമായി

കോഴിക്കോട് : വിദ്യാര്‍ഥികളില്‍ നല്ലശീലം വളര്‍ത്തുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ആവിഷ്കരിക്കുന്ന നല്ല ശീലം, നല്ല മനസ്സ്, നല്ല വ്യക്തി പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 50 ഹൈസ്കൂളുകളിലെ കുട്ടികള്‍ ക്ളാസുകളില്‍ ദീപമാല തീര്‍ത്ത് നന്മ നിറഞ്ഞ ഭാവി ഉറപ്പാക്കുമെന്ന് പ്രതിജ്ഞ ചെയ്തു. ക്ളാസ് സഭകളുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ലീഡര്‍മാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മദ്യം, മയക്കുമരുന്ന്, പുകയില തുടങ്ങിയ ദുശ്ശീലങ്ങള്‍ മൂലം മരണപ്പെട്ടവര്‍ക്ക് കുട്ടികള്‍ സ്കൂളുകളില്‍ സ്മൃതിമണ്ഡപമൊരുക്കി.

മദ്യം, മയക്കുമരുന്ന്, പുകയില ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവക്കെതിരെ ബോധവത്കരണമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വിദ്യാലയ ശുചിത്വം, സമഗ്ര കായികക്ഷമത തുടങ്ങിയവയും നടപ്പാക്കും. ഇതിന്റെ ഭാഗമായി നാടകം, സംഗീതശില്‍പ്പം തുടങ്ങിയവ ഒരുക്കും. കെ ടി മുഹമ്മദ് സ്മാരക തിയേറ്റര്‍ ഗ്രൂപ്പുകള്‍ക്ക് സ്കൂളുകളില്‍ തുടക്കമിടും. വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ട്സ് ക്ളബ്, ഹെല്‍ത്ത് ക്ളബ്, പരിസ്ഥിതി ക്ളബ്, സ്കൌട്ട് ആന്‍ഡ് ഗൈഡ്സ്, ജൂനിയര്‍ റെഡ്ക്രോസ്, എന്‍എസ്എസ് എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പയമ്പ്ര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി അപ്പുക്കുട്ടന്‍ അധ്യക്ഷനായി. സി ഷാജി, ഐ ബേബി, ശ്രീകലാ ദേവി, പി അനില്‍കുമാര്‍, കെ പി സജിത എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്തംഗം ജുമൈലത്ത് താഴത്തയില്‍ സ്വാഗതവും പി ഷംസുദ്ദീന്‍ നന്ദിയും പറഞ്ഞു.

Advertisements
Share news