നല്ലളത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിനോട് ചേർന്ന ഷെഡ് കത്തി നശിച്ചു
കോഴിക്കോട്: ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചുണ്ടായ തീപ്പിടിത്തത്തിൽ വീടിനോടുചേർന്നുള്ള ഷെഡ് കത്തിനശിച്ചു. പണവും സ്വർണാഭരണവും ഗൃഹോപകരണങ്ങളും വസ്ത്രവുമടക്കം ഷെഡ്ഡിലുണ്ടായിരുന്നതെല്ലാം തീപ്പിടിത്തത്തിൽ നശിച്ചു. നല്ലളം കിഴവനപാടം കുറ്റിയിൽത്തറ മഞ്ജു നിവാസിലെ സി.കെ. കമലയുടെ വീടിന് സമീപത്തെ താത്കാലിക ഷെഡ്ഡാണ് ബുധനാഴ്ച രാത്രി എട്ടുമണിയോടെ കത്തിയമർന്നത്.
വിട് നിർമാണം നടക്കുന്നതിനാൽ തകിടുകൊണ്ട് നിർമിച്ച ഈ താത്കാലിക ഷെഡ്ഡിലായിരുന്നു കമലയും മകനും സഹോദരിയുടെ വീട്ടിൽ പോയതായിരുന്നു. ഇരുവരുമില്ലാത്ത സമയത്താണ് തീപ്പിടിത്തവും പൊട്ടിത്തെറിയുമുണ്ടായത്. അതിനാൽ ആളപായം ഒഴിവായി.

വീടുനിർമാണത്തിനായി കരുതിയ പണമാണ് അഗ്നിക്കിരയായത്. ആദ്യം തീപിടിക്കുകയും പിന്നീട് ഗ്യാസ് സിലിൻഡറിലേക്ക് പടരുകയുമാണെന്നാണ് കരുതുന്നത്. തീയാളുന്നതുകണ്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും സിലിൻഡർ പൊട്ടിത്തെറിച്ച് തെങ്ങിൻ്റെ ഉയരത്തിൽ തീപടർന്നതോടെ അണയ്ക്കാനാകാതെ ആളുകൾ പിൻമാറി. അപകടത്തെത്തുടർന്ന് ഒരുമണിക്കൂർ പ്രദേശത്ത് വൈദ്യുതി ബന്ധവും നിലച്ചു.

മീഞ്ചന്ത സ്റ്റേഷൻ ഓഫീസർ ടി.വി. വിശ്വാസിൻ്റെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാസേനയുടെ വാഹനത്തിനും ഇവിടേക്ക് കടന്നുവരാനായില്ല. പിന്നീട് അഗ്നിരക്ഷാസേനാംഗങ്ങൾ നാട്ടുകാരോടൊപ്പം ചേർന്ന് തീയണയച്ചു. നല്ലളം എസ്.ഐ. വിശ്വനാഥന്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘവും രക്ഷാപ്രവർത്തനത്തിനെത്തി.

