KOYILANDY DIARY.COM

The Perfect News Portal

നല്ലപാഠം അവാർഡ് തുക പാലിയേറ്റീവിന് കൈമാറി എളമ്പിലാട് MLP സ്‌കൂൾ വിദ്യാർത്ഥികൾ മാതൃകയായി

പയ്യോളി: ചിങ്ങപുരം വൻമുകം – എളമ്പിലാട് എം.എൽ.പി സ്കൂളിലെ നല്ല പാഠം കൂട്ടുകാർ, ജില്ലയിലെ ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയത്തിന് ലഭിച്ച അവാർഡ് തുകയുടെ ഒരു വിഹിതം പയ്യോളി ശാന്തി പാലിയേറ്റീവ് കെയറിന് കൈമാറി നന്മയുടെ നല്ല മാതൃക സൃഷ്ടിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ പയ്യോളി ശാന്തി പാലിയേറ്റീവ് കെയർ വളണ്ടറിയർമാരായ എം. എ. വിജയൻ, രവി കാട്ടിൽ എന്നിവർക്ക് നല്ലപാഠം ലീഡർ മുഹമ്മദ് ആദിഫ് അവാർഡ് തുക കൈമാറി. പി.ടി.എ.പ്രസിഡന്റ് എൻ. ശ്രീഷ്ന അദ്ധ്യക്ഷത വഹിച്ചു.
പരിമിതികൾക്കുള്ളിൽ നിന്ന്കൊണ്ട് നൂറിൽ താഴെ കുട്ടികളുമായി ചിട്ടയായ പ്രവർത്തനങ്ങളിലൂടെ അടച്ചുപൂട്ടൽ ഭീഷണിയെ അതിജീവിച്ച് സ്കൂളിന്റെ വിധി തന്നെ മാറ്റിക്കുറിച്ച് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കുട്ടികളിലൂടെ  സംഘടിപ്പിച്ചതിനാണ് കഴിഞ്ഞ അധ്യയന വർഷത്തെ ജില്ലയിലെ  മികച്ച രണ്ടാമത്തെ വിദ്യാലയത്തിനുള്ള നല്ലപാഠം അവാർഡും, (15,000 രൂപയും ഫലകവും) മികച്ച കോ-ഓർഡിനേറ്റർക്കുള്ള ( 5000 രൂപ വീതം) അവാർഡും ലഭിച്ചത്.
കഴിഞ്ഞ 12 ന് മനോരമയിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ യു.വി.ജോസ്, മാന്ത്രികൻ ഗോപിനാഥ് മുതുകാട് എന്നിവരിൽ നിന്ന് ഏറ്റുവാങ്ങിയ അവാർഡ് തുകയുടെ ഒരു വിഹിതമാണ് നല്ലപാഠം കൂട്ടുകാർ പാലിയേറ്റീവ്  കെയറിന് കൈമാറിയത്.
നേരത്തെ “എന്റെ പണക്കുടുക്ക ജീവകാരുണ്യത്തിന് ” പദ്ധതിയിലൂടെ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും പണക്കുടുക്കകൾ പാലിയേറ്റീവിന് കൈമാറിയും, പ്രദേശത്തെ രണ്ട് കാൻസർ രോഗികൾക്ക് അവരുടെ വീടുകളിൽ ചെന്ന് സഹായമെത്തിച്ചും, പാലിയേറ്റീവ് കെയറിന് പണക്കിഴി നൽകിയും  ഈ വിദ്യാലയത്തിലെ നല്ലപാഠം കുട്ടികൾ ജീവകാരുണ്യ പ്രവർത്തന രംഗത്ത് വേറിട്ട മാതൃകകൾ സൃഷ്ടിച്ചിട്ടുണ്ട്.
 പരിപാടിയിൽ പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് നല്ലപാഠം കോ-ഓർഡിനേറ്റർമാരായ പി.കെ.അബ്ദുറഹിമാൻ, സി. ഖൈറുന്നിസാബി, സ്കൂൾ ലീഡർ ദിയ ലിനീഷ്, അധ്യാപിക വി.ടി. ഐശ്വര്യ എന്നിവർ സംസാരിച്ചു.
Share news

Leave a Reply

Your email address will not be published. Required fields are marked *