KOYILANDY DIARY.COM

The Perfect News Portal

നരേന്ദ്ര മോഡി താന്‍ പങ്കെടുക്കുന്ന റാലിക്ക് ചെലവഴിക്കുന്ന തുകയുടെ കണക്ക് വ്യക്തമാക്കണം: സിപിഐ എം

തിരുവനന്തപുരം>  രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടിംഗ് ശുദ്ധവും സുതാര്യവുമായിരിക്കണമെന്ന് പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി, താന്‍ പങ്കെടുക്കുന്ന റാലികള്‍ക്കായി ചെലവഴിക്കുന്ന തുകയുടെ കണക്ക് വ്യക്തമാക്കണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. ഈ റാലികള്‍ക്കായി ചെലവഴിക്കുന്നതിനുള്ള ഫണ്ട് എങ്ങിനെ സംഘടിപ്പിക്കുന്നുവെന്നും ആദ്യം വ്യക്തമാക്കണം.

2014ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോഡി ചെലവഴിച്ച തുകയുടെ കണക്ക് ഇനിയും ആര്‍ക്കും അറിയില്ല. രാഷ്ട്രീയ പാര്‍ടികള്‍ കോര്‍പ്പറേറ്റുകളുടെ ഫണ്ട് സ്വീകരിക്കരുതെന്ന സിപിഐ എം നിര്‍ദ്ദേശം അംഗീകരിക്കാന്‍  മോഡി തയ്യാറുണ്ടോ? തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ ചെലവഴിക്കുന്ന തുകയുടെ കണക്ക് കൂടി സ്ഥാനാര്‍ഥികളുടെ ചെലവ് പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം അംഗീകരിക്കാന്‍ മോഡി തയ്യാറാകുമോ?
ലോകസഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ഒന്നിച്ച് നടത്തണമെന്ന നിര്‍ദ്ദേശം പൂര്‍ണ്ണമായും ജനാധിപത്യ വിരുദ്ധമാണെന്നും കേന്ദ്ര കമ്മിററി ചൂണ്ടിക്കാട്ടി. ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്തുന്ന ചരിത്രം തുടങ്ങിയത് 1952ലാണ്. എന്നാല്‍ ഭരണഘടനയുടെ 356 വകുപ്പ് ദുരുപയോഗം ചെയ്തത് മുതലാണ് ഇത് തടസ്സപ്പെട്ടത്. കൂട്ടുകക്ഷി സര്‍ക്കാറുകള്‍ തകരുമ്പോള്‍ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടി വരും. അത്തരം ഘട്ടങ്ങള്‍ രണ്ടിടത്തും ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത് അടിസ്ഥാന ജനാധിപത്യ മൂല്യങ്ങളുടേയും ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ മൂല്യങ്ങളുടെയും ലംഘനമാണെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തി.
അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കും വര്‍ഗീയതക്കും എതിരെ ജനപക്ഷ ബദല്‍നയങ്ങള്‍ ഉയര്‍ത്തിക്കാട്ടി മറ്റ് ഇടതുപക്ഷ പാര്‍ടികളുമായി യോജിച്ച് നിന്ന് മല്‍സരിക്കാനും കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു.
Share news

Leave a Reply

Your email address will not be published. Required fields are marked *