നമ്മള്‍ അതിജീവിക്കും; പറയുന്നത് അതിജീവനത്തിന്‍റെ രണ്ടു മുഖങ്ങള്‍

നിപാ വൈറസ‌് വീണ്ടും കേരളത്തിലെത്തുമ്പോള്‍ ഭീതിവേണ്ടെന്നും അതിജീവനം ഉറപ്പെന്നും ഒരേ സ്വരത്തില്‍ പറയുകയാണ‌് നിപയെ അതിജീവിച്ച ഉബീഷും നിപ രോഗബാധ മൂലം മരണപ്പെട്ട ലിനിയുടെ ഭര്‍ത്താവ് സജീഷും. ഒരാള്‍ നിപയോട് പടപൊരുതി തിരിച്ചെത്തിയയാള്‍. മറ്റെയാള്‍ ജീവന്‍റെ പകുതിയെ നഷ്ടമായയാള്‍.
മലപ്പുറം വെന്നിയൂര്‍ സ്വദേശി ഉബീഷ‌് നിപാ രോഗി ഉള്ളപ്പോള്‍ മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന‌് പനി വന്നപ്പോള്‍ സാധ്യത സംശയിച്ചാണ‌് മെഡിക്കല്‍ കോളേജില്‍ ചികിത്സതേടിയത‌്.
മലപ്പുറം കോട്ടക്കലില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഉബീഷിന്റെ മനസ്സില്‍ ഒരുവര്‍ഷം പഴക്കമുള്ള ആശുപത്രി ദിനങ്ങളാണ‌്. ‘രോഗ സാധ്യത മുന്‍കൂട്ടി കണ്ടായിരുന്നു പനി വന്നപ്പോള്‍ ചികിത്സ തേടിയത‌്.

രോഗത്തെ കുറിച്ച‌് മാധ്യമങ്ങളിലൂടെ മനസ്സിലാക്കിയതിനാല്‍ മറ്റുള്ളവരിലേക്ക‌് പകരാതിരിക്കാനും ശ്രദ്ധിച്ചു. മാസ‌്ക‌് ധരിച്ചാണ‌് ചെമ്മാട‌് സര്‍ക്കാര്‍ ആശുപത്രിയില്‍ പോയത‌്. കോഴിക്കോട‌് ഗവ. മെഡിക്കല്‍ കോളേജിലേക്ക‌് ചികിത്സ മാറ്റണമെന്നും സ്വയം ആവശ്യപ്പെടുകയായിരുന്നു.

കുടുംബത്തിന്റെ സുരക്ഷ പരിഗണിച്ച‌് അവരെയും ആശുപത്രിയിലേക്ക‌് കൂട്ടി. ഡോക‌്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ പാലിച്ചതില്‍ തന്നെ പരിചരിച്ച കുടുംബത്തിലൊരാള്‍ക്കും അസുഖം പകരുന്ന സാഹചര്യമുണ്ടായില്ല’– ഉബീഷ‌് പറഞ്ഞു.

കൊച്ചിയില്‍ നിപാ സംശയമെന്ന വാര്‍ത്ത തിങ്കളാഴ‌്ച പുറത്ത‌് വന്നതുമുതല്‍ പേരാമ്ബ്ര ചെമ്ബനോട കുറത്തിപാറയിലെ വീട്ടില്‍ സജീഷും കുടുംബവും ആശങ്കയിലായിരുന്നു.
ഒരു ഭീതിയും ഉയര്‍ത്താത്ത രീതിയില്‍ സര്‍ക്കാര്‍ സംവിധാനം ഉണര്‍ന്നതോടെ ആദ്യം തോന്നിയ ആശങ്ക ഇപ്പോഴില്ലെന്ന‌് ഇവര്‍ പറയുന്നു. ‘പേടിയ‌്ക്കേണ്ട സാഹചര്യം ഇല്ലെന്നാണ‌് തോന്നുന്നത‌്. മരുന്നടക്കമുള്ള എല്ലാ സംവിധാനങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട‌്.
കഴിഞ്ഞ തവണയില്‍ നിന്ന‌് വ്യത്യസ‌്തമായി ആദ്യ രോഗിയില്‍ നിന്ന‌് നിപാ സ്ഥിരീകരിക്കാനായി. ജാഗ്രതാ നിര്‍ദേശങ്ങള്‍ കൂടി പാലിച്ചാല്‍ പെട്ടെന്ന‌് തന്നെ നമുക്ക‌് അതിജീവിക്കാം’ സജീഷ‌് പറഞ്ഞു.
ഞായറാഴ‌്ച മുതല്‍ നിപാ സംബന്ധിച്ച വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മക്കള്‍ റിഥുലും സിദ്ധാര്‍ഥും വരെ അത‌് കേട്ട‌് നിപായെ കുറിച്ച‌് പറഞ്ഞ‌് തുടങ്ങി. ആദ്യം ആശങ്ക തോന്നിയെങ്കിലും രോഗം സ്ഥിരീകരിക്കുംമുമ്ബ‌് സര്‍ക്കാര്‍ സംവിധാനം സുസജ്ജമായതോടെ ആശ്വാസം തോന്നി. കഴിഞ്ഞ വര്‍ഷത്തെ അനുഭവവും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക‌് ആരോഗ്യവകുപ്പിന‌് കരുത്തേകും.
ജാഗ്രത മാത്രമാണ‌് ഈ സാഹചര്യത്തില്‍ മുന്നിലുള്ള പോംവഴി.നിപായുടെ അനുഭവത്തിന്റെ പശ‌്ചാത്തലത്തില്‍ കൊച്ചിയില്‍ രോഗം സംശയിക്കുന്നവരുടെ കുടുംബങ്ങള്‍ക്കിടയില്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെങ്കില്‍ അതിന‌് തയ്യാറെന്നും സജീഷ‌് പറയുന്നു. ഇക്കാര്യം മന്ത്രിയെ അറിയിച്ചതായും സജീഷ‌് പറഞ്ഞു.
