നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവം: കേസ് ഡയറി കോടതിയില്‍ ഹാജരാക്കി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ പൊലീസ് കേസ് ഡയറി കോടതിയില്‍ ഹാജരാക്കി. കേസിലെ ഗൂഢാലോചനയില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നതിന്റെ ഭാഗമായാണ് കേസ് ഡയറി ഹാജരാക്കിയത്.
മുദ്രവെച്ച കവറിലാണ് കേസ് ഡയറി അന്വേഷണസംഘം ഹാജരാക്കിയിരിക്കുന്നത്. കേസിലെ ഗൂഢാലോചനയില്‍ ദിലീപിനെതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ജാമ്യഹര്‍ജിയില്‍ വാദം തുടരും. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത്.

കേസിലെ സുപ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെത്തേണ്ടതുണ്ട് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡി ആവശ്യപ്പെട്ടത്. ദിലീപ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ദിലീപിന്റെ ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന് ശക്തമായി എതിര്‍ക്കും. കഴിഞ്ഞ ദിവസം നടന്ന വാദത്തില്‍ ജാമ്യാപേക്ഷയ്ക്കെതിരെ പ്രോസിക്യൂഷന് രംഗത്തെത്തിയിരുന്നു.

ഇതുപോലെ വളരെ ഗൗരവതരമായ കേസില്‍ പ്രതിക്ക് ജാമ്യം ലഭിക്കുന്നത് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ സുരേശന് വാദിച്ചു. ജാമ്യം ലഭിച്ചാല്‍ നടിയെ അപമാനിക്കാനുള്ള ശ്രമങ്ങള്‍ നടക്കുമെന്നും പ്രോസിക്യൂഷന് അഭിപ്രായപ്പെട്ടു.

