നടിക്കുനേരെ നടക്കുന്നത് വ്യക്തിഹത്യയും മാധ്യമവിചാരണയും മമ്മൂട്ടി

കൊച്ചി: യുവ നടിക്കു നേരെയുണ്ടായ അതിക്രമം സംബന്ധിച്ച് മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ്, ജനറല്‍ സെക്രട്ടറി മമ്മൂട്ടി എന്നിവര്‍ സംയുക്ത പ്രസ്താവന പുറത്തിറക്കി. സംഭവത്തെ തുടര്‍ന്ന് തങ്ങളുടെ സംഘടനയില്പെട്ട നടനുനേരെ വ്യക്തിഹത്യയും മാധ്യമവിചാരണയും നടക്കുന്നതായി പ്രസ്താവനയില്‍ ആരോപിക്കുന്നു.
നടിക്കു നേരെയുണ്ടായ അതിക്രമത്തില്‍ പോലീസ് അന്വേഷണം നടന്നുവരികയാണ്. എങ്കിലും കാര്യങ്ങള്‍ക്കു വേണ്ടത്ര വ്യക്തതയുണ്ടാവുകയോ മുഴുവന്‍ പ്രതികളും പിടിയിലാവുകയോ ചെയ്തിട്ടില്ല. അമ്മയില്‍ അംഗമായ അഭിനേതാവിനു നേരെ നിന്ദ്യമായ വ്യക്തിഹത്യയും മാധ്യമവിചാരണയുമാണ് നടന്നുകൊണ്ടിരിക്കുന്നത്. അഭ്യൂഹങ്ങളുടെയും കെട്ടിച്ചമച്ച ആരോപണങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇതെന്നും പ്രസ്താവനയില്‍ പറയുന്നു.

നടിയ്ക്കു നേരെ നടന്ന അക്രമത്തിനു കാരണക്കാരായവര്‍ നിയമത്തിന്റെ പിടിയില്‍ പെട്ടു എന്ന വാര്‍ത്തയ്ക്കു വേണ്ടിയാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്. യഥാര്‍ത്ഥ കുറ്റവാളികള്‍ പിടിയിലാവുകയും സംഭവങ്ങളുടെ സത്യാവസ്ഥ പുറത്തുവരികയും ചെയ്യുമ്ബോള്‍ കെട്ടുകഥകളില്‍ അഭിരമിച്ചവര്‍ തലതാഴ്ത്തേണ്ടിവരുമെന്നും അമ്മയ്ക്കു വേണ്ടി മമ്മൂട്ടി ഒപ്പിട്ട പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

