നടക്കാവ് പോലീസ് സ്റ്റേഷനില്‍ മാവോവാദികളുടെ കത്ത്: കസ്റ്റഡിയൽ എടുത്തവരെ വിട്ടയക്കണം
കോഴിക്കോട്: നടക്കാവ് പോലീസ് സ്റ്റേഷനില്‍ മാവോവാദികളുടെ കത്ത്. പശ്ചിമഘട്ടം സി.പി.ഐ. മാവോയിസ്റ്റ് നാടുകാണി ഏരിയാ സമിതി വക്താവ് അജിതയുടെ പേരിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് കത്ത് ലഭിച്ചത്. കത്ത് തപാലിലാണ് വന്നത്.
ഭരണകൂടത്തിന്റെ തന്നെ നിയമങ്ങള്‍ ലംഘിച്ച് പോലീസ് പിടിച്ചുവെച്ചവരെ ഉടനെ വിട്ടയക്കണമെന്ന് കത്തില്‍ പറയുന്നു. ചുരുങ്ങിയപക്ഷം കോടതിയില്‍ ഹാജരാക്കുകയെങ്കിലും ചെയ്യണം. സി.പി.ഐ. മാവോയിസ്റ്റ് നാടുകാണി സമിതിയുടേതാണ് കത്ത്. അട്ടപ്പാടിയില്‍ പോലീസ് നടത്തിയ ഏകപക്ഷീയമായ കൂട്ടക്കൊലയില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായും ഒരാളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതായുമുള്ള വാര്‍ത്തകള്‍ പുറത്തു വന്നിട്ടുണ്ട്.

ഒരു സ്ത്രീ ഉള്‍പ്പെടെ മറ്റു രണ്ടുപേരെക്കൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തതായി സ്ഥീരികരിക്കാത്ത വാര്‍ത്തയുമുണ്ടായിരുന്നു. ആറ് മാവോവാദികള്‍ അട്ടപ്പാടി വെടിവെപ്പു സമയത്ത് അവിടെയുണ്ടായിരുന്നതായി പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും കത്തില്‍ പറയുന്നു.

ഇതുപ്രകാരം ഒന്നോ രണ്ടോ പേര്‍ ഇപ്പോഴും പോലീസിന്റെ കസ്റ്റഡിയിലുള്ളതായി മനസ്സിലാക്കാം. ഇതിനെതിരേ മനുഷ്യവകാശ, പൗരവകാശ പ്രവര്‍ത്തകരും സംഘടനകളും രാഷ്ട്രീയ നേതൃത്വങ്ങളും ശക്തമായ ഇടപെടലുകള്‍ നടത്തണമെന്ന് അഭ്യര്‍ഥിക്കുന്നതാണ് കത്തിന്റെ ഉള്ളടക്കം. ‘വിപ്ലവം ജയിക്കട്ടെ’ എന്ന വരിയോടെയാണ് കത്ത് അവസാനിക്കുന്നത്. നടക്കാവ് സി.ഐയ്ക്കാണ് കത്ത് വന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

