ദേശീയ പാതയോരത്തെ മദ്യവില്‍പ്പന; മാഹിക്ക് ഇളവില്ലെന്ന് സുപ്രീംകോടതി

തിരുവനന്തപുരം: ദേശീയപാതയോരത്ത് മദ്യവില്‍പ്പന പാടില്ലെന്ന വിധിയില്‍ ഇളവ് നല്‍കാനാകില്ലെന്ന് സുപ്രീംകോടതി. വിധി നടപ്പാക്കാന്‍ ഒരു വര്‍ഷത്തെ സാവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ട് മാഹിയിലെ മാദ്യശാല ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി.
ദേശീയ-സംസ്ഥാന പാതകള്‍ക്ക് അരികെയുള്ള എല്ലാ മദ്യശാലകളും മാര്‍ച്ച് 31നകം അടച്ചുപൂട്ടണമെന്ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ദേശീയ-സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിയിലായിരുന്നു മദ്യശാലകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. വിധിയില്‍ ഇളവ് നല്‍കണമെന്നും, അല്ലെങ്കില്‍ മദ്യശാലകള്‍ അടച്ചുപൂട്ടാന്‍ ഒരു വര്‍ഷത്തെ സാവകാശം വേണമെന്നും ആവശ്യപ്പെട്ടാണ് മാഹിയിലെ മദ്യശാലാ ഉടമകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ജെ.എസ്. കെഹാര്‍, ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജികള്‍ തള്ളി. വിധി നടപ്പാക്കുന്ന കാര്യത്തില്‍ ഇളവ് നല്‍കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ഏതെങ്കിലും ഒരാള്‍ക്ക് ഇളവ് നല്‍കിയാല്‍ മറ്റുള്ളവരും ഇതേ ആവശ്യവുമായി രംഗത്തുവരുമെന്ന് വ്യക്തമാക്കി. വിധിയില്‍ മദ്യവില്പന എന്ന് പറഞ്ഞിരിക്കുന്നതുകൊണ്ട് വിധി ബാറുകള്‍ക്ക് ബാധകമാണോ എന്നതില്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് പുതുച്ചേരിയിലെയും മഹാരാഷ്ട്രയിലെയും ബാറുടമകള്‍ അപേക്ഷ നല്‍കിയിരുന്നു. വിഷയം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് ബാറുടമകള്‍ നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ അവര്‍ വിഷയം ഉന്നയിച്ചില്ല. ഇതോടെ കോടതി വിധി ബാറുകള്‍ക്ക് ബാധകമാകുമോ എന്നതിലെ അവ്യക്തത തുടരും.

