KOYILANDY DIARY.COM

The Perfect News Portal

ദുരിത ബാധിതര്‍ക്ക് വിതരണം ചെയ്യാനായി എത്തിച്ച അരിയും കുടിവെള്ളവും നഗരസഭ പൂ‍ഴ്ത്തിവെച്ചതായി ആരോപണം

കൊച്ചി: ദുരിത ബാധിതര്‍ക്ക് വിതരണം ചെയ്യാനായി എത്തിച്ച അരിയും കുടിവെള്ളവും നഗരസഭ പൂ‍ഴ്ത്തിവെച്ചതായി ആരോപണം. യു ഡി എഫ് ഭരിക്കുന്ന കൊച്ചി കളമശ്ശേരി നഗരസഭയിലാണ് അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാതെ അരി പൂ‍ഴ്ത്തിവെച്ചിരിക്കുന്നുവെന്ന ആരോപണവുമായി ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സാധനങ്ങള്‍ ഉടന്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിച്ചതായി നഗരസഭ ചെയര്‍പേ‍ഴ്സണ്‍ അറിയിച്ചു.

100 ചാക്കോളം അരിയും നിരവധി ബോട്ടില്‍ കുടിവെള്ളവുമാണ് കളമശ്ശേരി നഗരസഭയുടെ ഗ്രൗണ്ട് ഫ്ലോറില്‍ വിതരണം ചെയ്യാതെ കെട്ടിക്കിടക്കുന്നത്.

Advertisements

അര്‍ഹതപ്പെട്ട ദുരിത ബാധിതര്‍ക്ക് സമയബന്ധിതമായി വിതരണം ചെയ്യാതെ യു ഡി എഫ് നേതൃത്വത്തിലുള്ള നഗരസഭാധികൃതര്‍ ഇത് ദുരുപയോഗം ചെയ്യുകയാണെന്ന് ഡി വൈ എഫ് ഐ ആരോപിച്ചു.

പ്രതിഷേധവുമായി എത്തിയ പ്രവര്‍ത്തകര്‍ നഗരസഭാ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല വഹിക്കുന്ന സൂപ്രണ്ടുമായി സംസാരിച്ചുവെങ്കിലും സാധനങ്ങള്‍ കെട്ടിക്കിടക്കുന്നതുമായി നഗരസഭക്ക് യാതൊരു ബന്ധവുമില്ലെന്നായിരുന്നു മറുപടിയെന്ന് ഡി വൈ എഫ് ഐ എറണാകുളം ജില്ലാ കമ്മിറ്റി അംഗം രതീഷ് പറഞ്ഞു.

തുടര്‍ന്ന് നഗരസഭ ചെയര്‍പേ‍ഴ്സണ്‍ ജെസി പീറ്ററുമായി പ്രവര്‍ത്തകര്‍ സംസാരിച്ചു. താന്‍ ആവശ്യപ്പെട്ടിട്ടല്ല സാധനങ്ങള്‍ എത്തിച്ചതെന്നും അതിനാല്‍ കെട്ടിക്കിടക്കുന്നതില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്നുമായിരുന്നു ചെയര്‍പേ‍ഴ്സന്‍റെ പ്രതികരണം.

ഒടുവില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കൗണ്‍സിലര്‍മാരുമായി സംസാരിച്ച്‌ സാധനങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ഉടന്‍ വിതരണം ചെയ്യാമെന്ന് ചെയര്‍ പേ‍ഴ്സണ്‍ സമ്മതിക്കുകയായിരുന്നു

Share news

Leave a Reply

Your email address will not be published. Required fields are marked *