ദാഹജലം കിട്ടാതെ തളർന്ന് അവശനിലയിലായ വെരുകിന് നാട്ടുകാർ രക്ഷകരായി

പേരാമ്പ്ര: കടുത്ത വേനൽച്ചൂടിൽ ദാഹജലം കിട്ടാതെ തളർന്ന് അവശനിലയിലായ അപൂർവയിനം വെരുകിന് നാട്ടുകാർ രക്ഷകരായി. വാല്യക്കോട് മമ്മിളികുളത്തെ കൂവത്താംകണ്ടി ഷാജിയുടെ വീട്ടുവളപ്പിൽ ചൊവ്വാഴ്ച കാലത്ത് 10 മണിയോടെയാണ് വെരുകിനെ കണ്ടെത്തിയത്. നാട്ടുകാർ ഉടൻതന്നെ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയും വെരുകിന് വെള്ളവും പഴങ്ങളും നൽകുകയും ചെയ്തു.
വെള്ളം കുടിച്ചതോടെ വെരുകിന്റെ ശാരീരിക അവശതകൾ പാതി കുറഞ്ഞു. ഉച്ചയ്ക്ക് രണ്ടുമണിയോടെ താമരശ്ശേരിയിൽനിന്ന് വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീം എത്തി വെരുകിനെ കൊണ്ടുപോയി. പുള്ളിവെരുക് എന്നും സ്മാൾ ഇന്ത്യൻ സിവെറ്റ് എന്നും അറിയപ്പെടുന്ന ഈ വെരുക് വനം വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾഡ് ഒന്നിൽപ്പെട്ടതാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സുഗന്ധം പരത്തുന്ന ഒരുതരം ശ്രവം ഉത്പാദിപ്പിക്കാൻ കഴിവുള്ളതിനാൽ ഇവയെ വെരികിൻപുഴു ശേഖരിക്കാൻവേണ്ടി നേരത്തേ വനംവകുപ്പിന്റെ അനുവാദത്തോടെ ചിലർ വീടുകളിൽ വളർത്താറുണ്ടായിരുന്നു.

