KOYILANDY DIARY

The Perfect News Portal

ദളിതന്‍ കുളിച്ച ക്ഷേത്രക്കുളം പുണ്യാഹം തളിച്ച് ശുദ്ധിവരുത്തിയെന്ന് ആരോപണം

കൊയിലാണ്ടി​: ദളിതന്‍ കുളിച്ച ക്ഷേത്രക്കുളം ശുദ്ധികര്‍മങ്ങള്‍ ചെയ്ത് പുണ്യാഹം തളിച്ചതായി ആരോപണം. വിവിധ ദളിത് സംഘടനാനേതാക്കള്‍ കൊയിലാണ്ടിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. അനേകവര്‍ഷം ജീര്‍ണാവസ്ഥയിലായിരുന്ന കൊണ്ടംവള്ളി അയ്യപ്പക്ഷേത്രക്കുളം നവീകരിക്കാന്‍ ക്ഷേത്ര ഭരണാധികാരികളായ അയ്യപ്പസേവാ സമിതിക്കാരുടെ സഹകരണത്തോടെ നവീകരണകമ്മിറ്റി രൂപവത്കരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ പ്രസിഡന്‍റായി തെരഞ്ഞെടുത്തത് ദലിതനെയായിരുന്നു. ഇദ്ദേഹത്തിന്‍െറ നേതൃത്വത്തില്‍ നവീകരണപ്രവൃത്തികള്‍ നടന്നുവരവെ ഒന്നാംഘട്ട പ്രവൃത്തി കഴിഞ്ഞെന്നുപറഞ്ഞ് ദളിതനെ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് നീക്കി. തുടര്‍ന്ന് പ്രവൃത്തിപൂര്‍ത്തിയായി. 2015 ഒക്ടോബര്‍ 17ന് ക്ഷേത്രം ഭാരവാഹികളുടെയും നവീകരണ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ ക്ഷേത്രക്കുളം സമര്‍പ്പണം നടത്തി.

ക്ഷേത്രംതന്ത്രിയുടെ മുഖ്യകാര്‍മികത്വത്തില്‍ അഞ്ചു ബ്രാഹ്മണര്‍ മുഴുവന്‍ പൂജാദികര്‍മങ്ങളും ശുദ്ധികര്‍മങ്ങളും നടത്തിയായിരുന്നു സമര്‍പ്പണം. ക്ഷേത്രംതന്ത്രിക്ക് ദക്ഷിണ നല്‍കിയതും ആദ്യ സ്നാനം നടത്തിയതും നേരത്തേ പ്രസിഡന്‍റായിരുന്ന ദലിതനായിരുന്നു. ഇതില്‍ അസംതൃപ്തരായി യാഥാസ്ഥിതികര്‍ ജനുവരി 26ന് ക്ഷേത്രകമ്മിറ്റിയോ തന്ത്രിയോ അറിയാതെ ക്ഷേത്രം മുന്‍ശാന്തിക്കാരനെ കൊണ്ട് ശുദ്ധിക്രിയകള്‍ ചെയ്യിപ്പിച്ച്‌ പുണ്യാഹം തളിച്ച്‌ കുളം പുനര്‍സമര്‍പ്പണം നടത്തുകയും ആദ്യസ്നാനം സവര്‍ണരെക്കൊണ്ട് നടത്തിക്കുകയും ചെയ്തെന്നാണ് ആരോപണം. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, കൂമുള്ളി കരുണാകരനാണ് പുനര്‍സമര്‍പ്പണം നടത്തിയത്. മുന്‍ എം.എല്‍.എ പി. വിശ്വനും ചടങ്ങില്‍ പങ്കെടുത്തതായി വിവിധ ദലിത് സംഘടനാനേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിന്‍െറ സാമൂഹികാന്തരീക്ഷത്തെ വികൃതമാക്കിയ ഈ സംഭവം ചാതുര്‍വര്‍ണ്യ വ്യവസ്ഥിതി വീണ്ടും കൊണ്ടുവരാനുള്ള നീക്കം നടക്കുന്നതിന്‍െറ ഭാഗമാണെന്നും ഇതിനെതിരെ ദലിത് സമൂഹവും പൊതുജനങ്ങളും സാംസ്കാരികപ്രവര്‍ത്തകരും ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു. ഭാരതീയ പട്ടിക ജനസമാജം രക്ഷാധികാരി എം.എം. ശ്രീധരന്‍, മേഖലാ സെക്രട്ടറി പി.എം.ബി. നടേരി, സംസ്ഥാനസമിതി കണ്‍വീനര്‍ ശശീന്ദ്രന്‍ ബപ്പന്‍കാട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Advertisements