ദമ്പതികളെ നടുറോഡില്‍ ക്രൂരമായി മര്‍ദ്ദിച്ച കോണ്‍ഗ്രസ് നേതാവിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതം

കല്‍പ്പറ്റ: വയനാട് അമ്പലവയലില്‍ തമിഴ്നാട് സ്വദേശികളായ ദമ്പതികളെ നടുറോഡില്‍ ക്രൂരമായി മര്‍ദ്ദിച്ച കോണ്‍ഗ്രസ് നേതാവിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതം. അമ്പലവയലിലെ കോണ്‍ഗ്രസ് നേതാവായ പായിക്കൊല്ലി സജീവാനന്ദനാണ് ദമ്പതികളെ ക്രൂരമായ മര്‍ദ്ദനത്തിനിരയാക്കിയത്. മര്‍ദ്ദനദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഇക്കാര്യം ചര്‍ച്ചയായത്.
ഓട്ടോഡ്രൈവര്‍ ആയ സജീവാനന്ദനോട് സ്റ്റേഷനില്‍ ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടും ഇതുവരെ എത്തിയിട്ടില്ല. തമിഴ് സംസാരിക്കുന്ന യുവാവിനെ റോഡുവക്കില്‍ ആളുകള്‍ കാണ്‍കെ സജീവാനന്ദ് മര്‍ദിക്കുകയായിരുന്നു. അടിയേറ്റ് യുവാവ് റോഡില്‍ വീഴുകയും സജീവാനന്ദ് വീണ്ടും മര്‍ദിക്കുകയായിരുന്നു. ഇതു ചോദ്യം ചെയ്ത ഭാര്യയോട് ‘നിനക്കും വേണോ’ എന്നു ചോദിച്ചശേഷം മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. അതോടൊപ്പം യുവതിയെ അസഭ്യം പറയുകയും ചെയ്തു.
തുടര്‍ന്ന് സജീവാനന്ദിനോടു യുവതി ദേഷ്യപ്പെട്ടതോടെ ഇയാള്‍ സ്ഥലം വിടുകയായിരുന്നു. സംഭവം കണ്ടുനിന്ന ആളുകളിലൊരാളാണ് മൊബൈല്‍ ഫോണില്‍ ദൃശ്യം പകര്‍ത്തിയത്. ഇയാള്‍ പോയശേഷം അവിടെ കൂടിനിന്ന ആളുകളോടു യുവതി ‘നിങ്ങളെല്ലാവരും എന്താ നോക്കിനില്ക്കുന്നത്’ എന്ന് ചോദിക്കുന്നുണ്ട്. എന്നാല്‍ ആരും പ്രതികരിച്ചില്ല.

