KOYILANDY DIARY.COM

The Perfect News Portal

തോക്ക് ഒളിപ്പിക്കുന്നതിനിടെ കെ സുധാകരന്റെ അനുയായി വെടിയേറ്റുമരിച്ചു

കണ്ണൂര്‍: ചെറുവാഞ്ചേരിക്കടുത്ത കണ്ണവം റിസര്‍വ് വനത്തില്‍ കള്ളത്തോക്ക് ഒളിപ്പിക്കുന്നതിനിടെ കെ സുധാകരന്റെ അനുയായിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെടിയേറ്റുമരിച്ചു. കണ്ണവം വെങ്ങളം കോളനിയിലെ കുഞ്ഞാന്റെ മകന്‍ പ്രദീപന്‍ എന്ന സജീവനാ(38)ണ് മരിച്ചത്.

അറക്കല്‍ കോളനിയോട് ചേര്‍ന്ന കണ്ണവം റിസര്‍വ് വനത്തിലെ പാറയിടുക്കില്‍ തോക്ക് ഒളിപ്പിക്കുമ്ബോള്‍ അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുഖത്ത് വെടിയേറ്റ് പിന്നിലേക്ക് മറിഞ്ഞുവീണ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.

തിങ്കളാഴ്ച പകലാണ് സംഭവമെന്ന് കരുതുന്നു. കോളനിയിലേക്ക് കണ്ണവം റിസര്‍വ് വനത്തിലൂടെ പൈപ്പ് വഴി വെള്ളംവരുന്നത് തടസ്സപ്പെട്ട കാര്യം അന്വേഷിച്ചുപോയവരാണ് സജീവനെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടതെന്ന് പൊലീസ് അറിയിച്ചു.

Advertisements

സജീവന്റെ സന്തതസഹചാരിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഒപ്പമുണ്ടായതായി വിവരമുണ്ട്. മൃതദേഹം വനത്തിനുള്ളില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനക്കും ഇന്‍ക്വസ്റ്റിനും ശേഷം പോസ്റ്റ്മോര്‍ട്ടത്തിന് മാറ്റും. കെ സുധാകരന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുമായി അടുത്തബന്ധമുള്ളവരാണ് സജീവനും കുടുംബവും.

കോണ്‍ഗ്രസിന്റെ യോഗങ്ങളും യുഡിഎഫ് തെരഞ്ഞെടുപ്പ് യോഗങ്ങളും സ്ഥിരമായി നടക്കുന്ന വീടാണിത്. ആദിവാസിയായ ഇയാളുടെ കൈയില്‍ തോക്ക് എങ്ങനെ എത്തിയെന്നതില്‍ ദുരൂഹതയുണ്ട്.

പരേതയായ കുംഭയാണ് അമ്മ. ഭാര്യ: രതി. നന്ദു ഏക മകനാണ്. സഹോദരങ്ങള്‍: ശ്രീധരന്‍, അശോകന്‍, ബാബു, സുമിത്ര, സുമ, പരേതനായ രാജന്‍.

Share news

Leave a Reply

Your email address will not be published. Required fields are marked *