KOYILANDY DIARY

The Perfect News Portal

തൊ‍ഴിയൂര്‍ സുനില്‍ വധം: പൊളിഞ്ഞുവീണത് മാധ്യമങ്ങളുടെ കുപ്രചാരണങ്ങളും ഇടത് വിരുദ്ധതയും

തൊഴിയൂര്‍ സുനില്‍ വധക്കേസിലെ യഥാര്‍ഥ പ്രതി ജം ഇയത്തൂല്‍ ഹുസാനിയ പ്രവര്‍ത്തകന്‍ പാലയൂര്‍ കറുപ്പം വീട്ടില്‍ മൊയ്നുദ്ദീന്‍ കാല്‍ നൂറ്റാണ്ടിനുശേഷം അറസ്റ്റിലാവുമ്പോള്‍ അഴിഞ്ഞു വീഴുന്നത് കോണ്‍ഗ്രസ് കുടിലതയുടേയും മാധ്യമ കാപട്യത്തിന്റേയും മുഖംമൂടി. സിപിഐ എം പ്രവര്‍ത്തകരേയും തങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്തവരേയും കൊലയാളികളാക്കി ശിക്ഷിക്കുന്ന പതിവുതന്നെയാണ് അന്നും നടപ്പിലാക്കിയത്.

മറ്റൊരു കേസന്വേഷണത്തിനിടെയാണ് യഥാര്‍ഥ കുറ്റവാളികളെക്കുറിച്ച്‌ സൂചന ലഭിച്ചത്. തുടര്‍ന്ന് കോടതിയിലും നിയമസഭയിലും നടത്തിയ പോരാട്ടമാണ് യഥാര്‍ഥ കുറ്റവാളികളെ പിടികൂടുന്നതിലേക്ക് എത്തിച്ചത്. കോണ്‍ഗ്രസ് ഭരണത്തിന്റെ തണലില്‍ സിപിഐ എം പ്രവര്‍ത്തകരേയും തിരുത്തല്‍ വാദികളായ കോണ്‍ഗ്രസ് നേതാക്കളേയും ഐ ഗ്രൂപ്പുകാരും എ ഗ്രൂപ്പുകാരും ഒത്തുചേര്‍ന്ന് കേസില്‍പ്പെടുത്തുകയായിരുന്നു.

കേസില്‍ ഗുരുവായൂര്‍, മുതുവട്ടൂര്‍ മേഖലയിലുള്ള യുവാക്കള്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെയാണ് യഥാര്‍ഥ പ്രതികള്‍ ഇവരല്ലെന്നും തീവ്രവാദ സംഘടനയായ ‘ജമുയത്തൂല്‍ ഹിസാനിയ’ എന്ന സംഘടനയാണെന്നും സൂചന ലഭിച്ചത്. ടി പി സെന്‍കുമാറിന്റെ നേതൃത്വത്തില്‍ തീരദേശ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് രൂപീകരിച്ച്‌ പലകേസുകളിലേയും പ്രതികളെ പിടികൂടി അന്വേഷിക്കുന്നതിനിടെയാണിത്.

Advertisements

വാടാനപ്പള്ളി സന്തോഷ്, കയ്പമംഗലം ചളിങ്ങാട് രാജീവ്, കൊല്ലങ്കോട് താമി വധക്കേസുകളിലും നോമ്ബുകാലത്ത് സിനിമ തിയറ്ററുകള്‍ കത്തിച്ചതിലും പ്രതികളായ ജംയുഅത്തൂല്‍ ഹിസാനിയ അംഗങ്ങളെ ചോദ്യം ചെയ്തപ്പോഴാണ് സുനില്‍ വധത്തിനു പിന്നിലും ഇവരാണെന്ന് മനസ്സിലായത്.

കൊലപാതകം നടത്തിയത് സിപിഐ എമ്മുകാര്‍തന്നെയാണെന്നായിരുന്നു അന്ന് പത്രങ്ങളുടേയും കോണ്‍ഗ്രസ് നേതാക്കളുടേയും ആരോപണം. ഇതിന് തലേന്ന് ഗുരുവായൂര്‍ സ്വദേശി കെണിമംഗലം ജോയിയെ ചിലര്‍ വെട്ടിയതിന് പ്രതികാരമായാണ് കൊലപാതകമെന്ന് കോണ്‍ഗ്രസും പൊലീസും പ്രചരിപ്പിച്ചു.

സിപിഐ എം പ്രവര്‍ത്തകരായിരുന്ന ബിജി, ബാബുരാജ്, അനുഭാവികളായ ഹരിദാസന്‍ റഫീക്ക്, കോണ്‍ഗ്രസ് തിരുത്തല്‍ വാദികളായിരുന്ന ജെയ്സണ്‍, എ ഡി ജെയിംസ്, പ്രത്യേക രാഷ്ട്രീയമില്ലാതിരുന്ന ഷെമീര്‍, അബൂബക്കര്‍, സുബ്രഹ്മണ്യന്‍ എന്നിവരെ പ്രതികളാക്കി. മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്റെ ശക്തമായ ഇടപെടലുമുണ്ടായി.

തൃശൂര്‍ സെഷന്‍സ് കോടതി ബിജി, ബാബുരാജ്, റഫീക്ക്, ഹരിദാസന്‍ എന്നിവരെ ശിക്ഷിച്ചു. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് യാഥാര്‍ഥ പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതികളാക്കപ്പെട്ടവര്‍ സെഷന്‍സ് വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയ ശേഷം പുറത്തിറങ്ങി നടത്തിയ നിയമപോരാട്ടമാണ് ഇപ്പോള്‍ അറസ്റ്റിലേക്കെത്തിച്ചത്.

തീവ്രവാദ സംഘത്തെക്കുറിച്ചുള്ള അന്വേഷണം കോടതി ഉത്തരവുണ്ടായിട്ടും അന്വേഷണം നടത്താന്‍ യുഡിഎഫ് സര്‍ക്കാരുകള്‍ തയ്യാറായില്ല. തുടര്‍ന്ന് സുനില്‍ വധക്കേസിലെ തീവ്രവാദബന്ധം സംബന്ധിച്ച്‌ 2011ല്‍ നിയമസഭയില്‍ കെ വി അബ്ദുള്‍ഖാദര്‍ എംഎല്‍എ ചോദ്യമുന്നയിച്ചു. ഗുരുവായൂര്‍ പൊലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച രേഖകളൊന്നും കാണാനില്ല എന്നാണ് അന്ന് ആഭ്യന്തരവകുപ്പ് നല്‍കിയ മറുപടി.

ഇടതുപക്ഷപ്രവര്‍ത്തകരായിപ്പോയെന്ന ഒറ്റ കാരണത്താല്‍ തങ്ങളെ വേട്ടയാടുകയായിരുന്നുവെന്ന് ഇപ്പോള്‍ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിമാരായ ബാബുവും ബിജിയും പറഞ്ഞു. എതിരഭിപ്രായക്കാരെ ഏതുവിധേനയും തകര്‍ക്കുകയെന്ന കോണ്‍ഗ്രസിന്റെ കുടിലബുദ്ധിയാണ് തന്നെ കുരുക്കിയതിന് പിന്നിലെന്ന് എ ഡി ജയിംസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *