തൊഴിലാളികളെ ദ്രോഹിക്കുന്ന കോഡ് ഓണ്‍ വേജസ് ബില്‍ പിന്‍വലിക്കണം: CITU ഏരിയാ സമ്മേളനം

കൊയിലാണ്ടി: തൊഴിലാളികളെ ദ്രോഹിക്കുന്ന കോഡ് ഓണ്‍ വേജസ് ബില്‍ പിന്‍വലിച്ച് തൊഴിലും വേതനവും ഉറപ്പ് വരുത്തുന്ന നിയമ നിര്‍മ്മാണം നടത്തണമെന്ന് സി.ഐ.ടി.യു. കൊയിലാണ്ടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.
ഇന്ത്യയിലെ കോര്‍പ്പറേറ്റുകള്‍ക്കും ശതകോടീശ്വരന്മാര്ക്കും സഹായകരാംവിധം തൊഴിലാളികളുടെ സുരക്ഷ ഇല്ലാതാക്കുന്നതും വേതനം വെട്ടിച്ചുരുക്കുന്നതുമായ കേന്ദ്രസര്‍ക്കാറിന്റെ തൊഴില്‍ നിയമത്തിലെ പുതിയ ഭേദഗതികള്‍ തൊഴിലാളികളെയും സാധാരണക്കാരെയും പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിടുന്നതാകയാല് ‘കോഡ് ഓണ്‍ വേജസ് ബില്‍’ പിന്‍വലിച്ച് തൊഴിലും വേതനവും ഉറപ്പ് വരുത്തുന്ന നിയമ നിര്‍മ്മാണം നടപ്പില്‍ വരുത്തണമെന്ന് സി.ഐ.ടി.യു. കൊയിലാണ്ടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.
പൂക്കാട് ഫ്രീഡം ഫൈറ്റേഴ്സ് ഹാളില്‍ നടന്ന സമ്മേളനം സി.ഐ.ടി.യു. ജില്ലാ പ്രസിഡണ്ട് വി.പി. കുഞ്ഞികൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി സി. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകന് കോട്ട്, ടി.ഗോപാലന്, എം.പത്മനാഭന്, കെ.സുകുമാരന്‍, എം.എ.ഷാജി, എ.എം.മുത്തോറന്, എ.സോമശേഖരന്‍, എന്‍.പത്മിനി എന്നിവര്‍ സംസാരിച്ചു. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സമ്മേളന പ്രതിനിധികള്‍ 5912 രൂപ സംഭാവന നല്‍കുകയും ചെയ്തു

എം. പത്മനാഭന് (പ്രസിഡണ്ട്), എം.എ.ഷാജി (സെക്രട്ടറി), എ.സോമശേഖരന്‍ (ഖജാന്‍ജി), വൈസ് പ്രസിഡണ്ടുമാരായി എന്‍. കെ. ഭാസ്കരന്, കെ.കുഞ്ഞികൃഷ്ണന് നായര്‍, എ. എന്‍. വിജയലക്ഷ്മി, ടി. കെ. ചന്ദ്രന്, ജോ. സെക്രട്ടറിമാരായി എന്‍. പത്മിനി, യു. കെ. പവിത്രന്, സി. അശ്വിനീദേവ്, കെ. സുകുമാരന്‍ എന്നിവരെ സമ്മേളനം പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് തണലായി നന്ദദാസ്

