തൊടുപുഴ കൂട്ടക്കൊല! അത് ദുരൂഹതകളുടെ വീട്

തൊടുപുഴ: ദുരൂഹതകളുടെ വീട് ആയിരുന്നു നാലംഗ കുടുംബം കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ട വണ്ണപ്പുറം മുണ്ടന്‍ മുടി കാനാട്ടുവീട്. ഒറ്റപ്പെട്ടുനില്ക്കുന്ന ഈ വീടിനെ ചൂഴ്ന്ന് എന്നും ദുരൂഹതകളായിരുന്നുവെന്നു നാട്ടുകാര്‍ പറയുന്നു. മന്ത്രവാദത്തിനും മറ്റും പുറം നാട്ടില്‍നിന്നു വരുന്നവര്‍ മാത്രമായിരുന്നു ഈ വീട്ടിലേക്കു വന്നിരുന്നവരിലേറെയും. ബന്ധുക്കള്‍ പോലും ഇവരുമായി അകലം പാലിച്ചിരുന്നതായിട്ടാണ് സൂചന. ഗൃഹനാഥന് കൃഷ്ണന്‍കുട്ടി (52), ഭാര്യ സൂശീല(50), മക്കളായ ആര്‍ഷ (21), അര്ജുന് (18) എന്നിവരുടെ കൊലപാതകത്തിനു പിന്നിലും ചുരുളഴിയാത്ത ദുരൂഹതകള്‍ നിറഞ്ഞിരിക്കുകയാണ്. ഇവിടേക്കു പ്രവേശിക്കാന്‍ തന്നെ ഭയമാണെന്നാണ് അയല്‍വാസികളില്‍ പലരും പറയുന്നത്. ഒന്നിനു പിന്നില്‍ മറ്റൊന്നായി അടുക്കിയ നിലയിലാണ് വീടിനു പിന്നിലെ കുഴിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒറ്റപ്പെട്ട വീടായതിനാല്‍ ഇവിടെനിന്നു നിലവിളിച്ചാല്‍ പോലും കേള്‍ക്കില്ലെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. പ്രത്യേക സ്വഭാവക്കാരനായ കൃഷ്ണന്‍കുട്ടിയുമായി അടുക്കാന്‍ നാട്ടുകാര്‍ ആരും തന്നെ താത്പര്യം കാണിച്ചിരുന്നില്ല.
മന്ത്രവാദം പോലുള്ള കാര്യങ്ങളിലേക്ക് തങ്ങളെയും ഇടപെടുത്തുമോയെന്ന ആശങ്ക മൂലമാണ് നാട്ടുകാരില്‍ പലരും ഇവരില്‍നിന്ന് അകന്നുനിന്നിരുന്നത്. ഈ വീട്ടില്‍ ആളനക്കമില്ലാതായിട്ടു ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നു മാത്രമാണ് ഇക്കാര്യം നാട്ടുകാരുടെ ശ്രദ്ധയില്‍ വരുന്നത്. അന്വേഷിച്ചപ്പോള്‍ വീട്ടില്‍ ആരെയും കാണാതിരുന്നതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ ബന്ധുക്കളെ വിളിച്ചുവരുത്തുകയായിരുന്നു. അവര്‍ വന്നു പരിശോധിച്ചപ്പോള്‍ വീടിനുള്ള രക്തക്കറ കാണുകയും കൂടുതല്‍ അന്വേഷണത്തില്‍ വീടിനു പിന്നില്‍ കുഴിയെടുത്തതുപോലെ മണ്ണിളകി കിടക്കുന്നതു കാണുകയുമായിരുന്നു.

ഇതോടെ പോലീസില്‍ അറിയിച്ചു. പോലീസ് എത്തിയാണ് ഈ കുഴിയില്‍ നാലു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൃഷ്ണന്‍കുട്ടിയുടെ മൃതദേഹമായിരുന്നു ഏറ്റവും അടിയില്‍. ഇയാളുടെയും മകന്റെയും തലയ്ക്ക് അടിയേറ്റ നിലയിലും ഭാര്യയുടെയും മകളുടെയും ശരീരത്തില്‍ കുത്തേറ്റ നിലയിലുമായിരുന്നു.

ആറടിയോളം ആഴമുള്ള കുഴിയിലായിരുന്നു മൃതദേഹങ്ങള്‍.

