തൊടുപുഴയില്‍ മര്‍ദ്ദനമേറ്റ് മരിച്ച ഏഴുവയസുകാരന്റെ അമ്മയും അനുജനും അഭയകേന്ദ്രത്തില്‍

തൊടുപുഴ: ക്രൂരമര്‍ദ്ദനമേറ്റ് മരിച്ച എഴുവയസുകാരന്റെ അമ്മയുടെ മൊഴി മജിസ്റ്റ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. നേരത്തെ അശുപത്രിയില്‍ എത്തി ഇവരുടെ മൊഴി എടുത്തിരുന്നുവെങ്കിലും വിശദമായി രേഖപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല.
മകനെ ക്രൂരമായി മര്‍ദ്ദിച്ച സുഹൃത്ത് അരുണ്‍ ആനന്ദിനെ സംരക്ഷിക്കുന്ന നിലപാടാണ് ആദ്യം യുവതി സ്വീകരിച്ചിരുന്നതെങ്കിലും പിന്നീട് പൊലീസിന് മുന്നില്‍ ഇയാള്‍ക്കെതിരെ തിരിയുകയായിരുന്നു. ഭയം മൂലമാണ് കുട്ടിയെ ഉപദ്രവിക്കുന്നത് തടയാതിരുന്നത് അടക്കമുള്ള സഹതാപാര്‍ഹമായ നിലപാട് ഇവര്‍ എടുത്തതോടെയാണ് അരുണിനെതിരെ മാത്രം കേസെടുത്തത്.

ആശുപത്രിയില്‍ വെച്ച് അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ കുട്ടികളെയും തന്നെയും അരുണ്‍ മര്‍ദ്ദിച്ചിരുന്നതായി യുവതി മൊഴി നല്‍കിയിരുന്നു. അതേസമയം ഏഴുവയസ്സുകാരന്റെ സംസ്കാരച്ചടങ്ങുകള്‍ക്ക് ശേഷം അമ്മയെയും അനുജനെയും അമ്മൂമ്മയെയും കട്ടപ്പനയിലെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിലേക്കാണ് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെയും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെയും അനുമതിയോടെ ഇവരെ എത്തിച്ചത്. ഗാര്‍ഹിക പീഡനത്തിന് ഇരകളായ സ്ത്രീകള്‍ക്ക് താല്‍ക്കാലിക അഭയം കൊടുക്കുന്ന കേന്ദ്രമാണിത്. സാധാരണ 7 ദിവസം വരെയാണ് ഇവിടെ പാര്‍പ്പിക്കുക.

എന്നാല്‍, ഏഴുവയസുകാരന്‍റെ അനുജനെ വിട്ടു തരണം എന്നാവശ്യപ്പെട്ട് കുട്ടികളുടെ ഭര്‍ത്താവിന്റെ പിതാവ് ശിശുക്ഷേമ സമിതിയെ സമീപിച്ചിരുന്നു. നിലവില്‍ അമ്മയുടെ സംരക്ഷണയില്‍ കഴിയുന്ന കുട്ടിയുടെ ഭാവിയില്‍ ആശങ്കയുണ്ടെന്ന് ശിശുക്ഷേമസമിതിക്ക് നല്‍കിയ കത്തില്‍ കുട്ടിയുടെ മുത്തച്ഛന്‍ ചൂണ്ടിക്കാട്ടുന്നു. മുത്തച്ഛന്‍റെ കത്ത് ലഭിച്ചതായും തുടര്‍നടപടികള്‍ക്കായി തിരുവനന്തപുരം യൂണിറ്റില്‍ നിന്നും വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും ശിശുക്ഷേമ സമിതി അറിയിച്ചു.

