തൂണേരിയിൽ ഗെയ്ൽ സർവ്വെക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു

നാദാപുരം: ഗെയ്ല്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന്‍റെ ഭാഗമായി നടത്തുന്ന സര്‍വ്വെ നാദാപുരം തൂണേരിയില്‍ നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് മേഖലയിലെ സര്‍വ്വെ നടപടികള്‍ തിങ്കളാഴ്ച്ച വരെ നിര്‍ത്തിവെച്ചു. തൂണേരി പഞ്ചായത്തിലെ ചാലപ്പുറം, കണ്ണങ്കൈ മേഖലകളിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അധികൃതര്‍ പോലീസ് സഹായത്തോടെ സര്‍വ്വെ നടത്തിയിരുന്നത്.
വ്യാഴാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെ തൂണേരി ബ്ലോക്ക് ഓഫീസ് പരിസരത്തെത്തിയ സര്‍വ്വെക്കാരെ സ്ത്രീകളും, കുട്ടികളുമടങ്ങുന്ന 100 പേര്‍ റോഡില്‍ തടയുകയായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്ന പോലീസ് സംഘം സമരക്കാരുമായി സംസാരിച്ചെങ്കിലും പിരിഞ്ഞ് പോവാന്‍ കൂട്ടാക്കാതെ മുദ്രാവാക്യം വിളിക്കുകയായിരുന്നു. ജീവന്‍ പണയപ്പെടുത്തിയും സര്‍വ്വെക്കാരെ തടയുമെന്ന പ്രഖ്യാപനവുമായി സമരക്കാരും നിലയുറപ്പിച്ചു.

ഇതിനിടയില്‍ നാദാപുരം എസ് ഐ എന്‍.പ്രജീഷിന്‍റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസും സ്ഥലത്തെത്തി.തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. സുരേഷ്ബാബു ഗെയ്ല്‍ അധികൃതരുമായും നാട്ടുകാരുമായും ഏറെ നേരം ചര്‍ച്ചകള്‍ നടത്തുകയും സര്‍വ്വെ സംബന്ധിച്ചുള്ള നാട്ടുകാരുടെ സംശയങ്ങള്‍ക്ക് വ്യക്തത വരുത്തണമെന്ന് അവശ്യപ്പെടുകയായിരുന്നു.

ഇതനുസരിച്ച് തൂണേരി പഞ്ചായത്ത് ഓഫീസില്‍ തിങ്കളാഴ്ച്ച രാവിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,സമര സമിതി പ്രവര്‍ത്തകര്‍, ഗെയ്ല്‍ അധികൃതര്‍ എന്നിവരെ പങ്കെടുപ്പിച്ച് യോഗം വിളിക്കാനുമുള്ള തീരുമാനം അറിയിച്ചതോടെ സമരക്കാര്‍ പിരിഞ്ഞ് പോവുകയായിരുന്നു. യോഗത്തില്‍ എ.ഡിഎമ്മിനെ പങ്കെടുപ്പിക്കാനായി ശ്രമം നടത്തിയെങ്കിലും അദ്ദേഹം വിസമ്മതിച്ചു. തഹസില്‍ദാരെ പങ്കെടുപ്പിച്ച് യോഗം നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.

