തുറയൂര്‍ ഗവ. പി.എച്ച്.സി.യിലെ നഴ്സുമാരെ മര്‍ദിച്ചതായ പരാതിയില്‍ പോലീസ് കേസെടുത്തു

പയ്യോളി: തുറയൂര്‍ ഗവ. പി.എച്ച്.സി.യിലെ നഴ്സുമാരെ മര്‍ദിച്ചതായ പരാതിയില്‍ പോലീസ് കേസെടുത്തു. സെമീന, ഇവരുടെ പിതാവ്, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കുനേരേയാണ് കേസ്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. പരിക്കേറ്റ നഴ്സുമാരായ ഷറിന് സൈക്കോ, സിന്ധു എന്നിവരെ മേലടി ഗവ. സി.എച്ച്.സി.യില്‍ പ്രവേശിപ്പിച്ചു.
ഇതിനിടെ സെമീനയെയും കുഞ്ഞിനെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നഴ്സുമാര്‍ മര്‍ദിച്ചതായാണ് പരാതി. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. സെമീനയുടെ പതിനൊന്നുമാസമുള്ള കുട്ടിക്ക് ഒരുമാസം മുമ്പ് പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നു. തുടര്‍ന്ന് കുട്ടിക്ക് അസുഖം വരുന്നതായാണ് പരാതി. പനിവന്ന കുട്ടിയെ സ്വകാര്യ ഡോക്ടറെ കാണിച്ചപ്പോള്‍ രണ്ടുകാലയളവില് നല്‍കേണ്ട കുത്തിവെപ്പ് ഒരുമിച്ച് എടുത്തതാണ് അസുഖത്തിനുകാരണമെന്ന് പറഞ്ഞു. ഇതേത്തുടര്‍ന്ന് സെമീന ആശുപത്രിയിലെത്തിയപ്പോഴാണ് പ്രശ്നങ്ങളുണ്ടായതെന്ന് പറയുന്നു.

