തുണിക്കടയില്‍ മോഷണം: രണ്ടുയുവാക്കളെ താമരശ്ശേരി പൊലീസ് പിടികൂടി

താമരശ്ശേരി: തുണിക്കടയില്‍ മോഷണം സിസിടിവി ദൃശ്യങ്ങള്‍ കുട്ടികള്ളന്മാരെ കുടുക്കി. വെസ്റ്റ് കൈതപ്പൊയിലിലെ തുണിക്കടയില്‍ മോഷണം നടത്തിയ കേസില്‍ രണ്ടുയുവാക്കളെ താമരശ്ശേരി പൊലീസ് പിടികൂടി. കൊടുവള്ളി പെരിയാന്തോട് ഭാഗത്ത് വാടകക്ക് താമസിക്കുന്ന, കൈതപ്പൊയില്‍ വള്ളിയാട് മുക്കയ്യില് ലിന്റോ രമേഷ് (18), താമരശ്ശേരി ചുടലമുക്ക് പൂമംഗലത്ത് ഹിജാസ് അഹമ്മദ് (18) എന്നിവരാണ് അറസ്റ്റിലായത്.
ഇരുവരും നേരത്തെ ബാലുശ്ശേരി, അത്തോളി, താമരശ്ശേരി സ്റ്റേഷനുകളില്‍ ജുവനൈല്‍ കേസുകളില്‍ പ്രതികളായിരുന്നു.നവംബര്‍ 20ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. വെസ്റ്റ് കൈതപ്പൊയിലിലെ വി കെ ജെന്റ്സ് ആന്റ് ബോയ്സ് എന്ന കടയുടെ മേശവലിപ്പില്‍ സൂക്ഷിച്ച 14,370 രൂപയും രണ്ട് ടീഷര്‍ട്ടും രണ്ട് ജീന്‍സുമാണ് മോഷണം നടത്തിയത്.

കടയുടെ ഒരു ഭാഗത്തെ ഷട്ടറിന് മാത്രമേ പൂട്ടുണ്ടായിരുന്നൂള്ളൂ. പൂട്ട് ഇല്ലാത്ത ഭാഗം ഒരാള്‍ പൊക്കുകയും കൂടെയുള്ളയാള്‍ വിദഗ്ദമായി ഇഴഞ്ഞ് കടയുടെ ഉള്ളില്‍ കയറുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ എസ്ഐ ടി ടി കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്തത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്റു ചെയ്തു.

