തീ ജ്വലിപ്പിച്ച മെഴുകുതിരിനാളം കൈകളില്‍ ഉയര്‍ത്തിപ്പിടിച്ച് മൊകവൂരില്‍ മനുഷ്യച്ചങ്ങല

കോഴിക്കോട്: രാമനാട്ടുകര-വെങ്ങളം ദേശീയപാത ബൈപ്പാസിനരികില്‍ തീ ജ്വലിപ്പിച്ച മെഴുകുതിരിനാളം കൈകളില്‍ ഉയര്‍ത്തിപ്പിടിച്ച് വലങ്കൈ മുന്നിലേക്ക് നീട്ടി ആബാലവൃദ്ധം ജനങ്ങളും പ്രതിജ്ഞയെടുത്തു. വികസനത്തിന്റെപേരില്‍ പാര്‍ശ്വവത്കരിക്കപ്പെടുന്ന പ്രദേശമായി മാറാതിരിക്കാന്‍ കക്ഷിരാഷ്ട്രീയ ഭേദമെന്യേ അവര്‍ ഒന്നുചേര്‍ന്നപ്പോള്‍ ബൈപ്പാസിനരികില്‍ രൂപപ്പെട്ടത് രണ്ടുകിലോമീറ്ററോളം നീണ്ട മനുഷ്യമതിലായിരുന്നു.
രാമനാട്ടുകര-വെങ്ങളം ബൈപ്പാസ് ആറുവരിപ്പാതയാക്കി വികസിപ്പിക്കുന്നതിനൊപ്പം തന്നെ പെരിങ്ങിണി കവല നിലനിര്‍ത്തി കാമ്പുറത്ത് കാവിലും കുനിമ്മല്‍താഴം ജങ്ഷനിലും അടിപ്പാത നിര്‍മിക്കണമെന്നാവശ്യപ്പെട്ടാണ് കര്‍മസമിതി മനുഷ്യച്ചങ്ങല തീര്‍ത്തത്.

ലപ്പടിവരെ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയാണ് ഒരു നാടിന്റെ ആവശ്യമുയര്‍ത്തിയുള്ള പ്രക്ഷോഭമായി മാറിയത്. വാര്‍ഡ് കൗണ്‍സിലര്‍ എന്‍.പി. പദ്മനാഭന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കര്‍മസമിതി ചെയര്‍മാന്‍ വി.പി. മനോജ്, ജനറല്‍ കണ്‍വീനര്‍ സുരേഷ് മൊകവൂര്‍, ട്രഷറര്‍ സി. പ്രശോഭ്, എ. സുധാകരന്‍, സി.വി. ആനന്ദകുമാര്‍, ശിവദാസന്‍ ഏറാടി, കെ. മുരളീധരന്‍, കൊഴമ്പറത്ത് ശിവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
നിലവിലുള്ള രണ്ടുവരിപ്പാത ബൈപ്പാസ് തന്നെ മുറിച്ചുകടക്കാന്‍ ഇരുഭാഗത്തുമുള്ള പ്രദേശവാസികള്‍ ഏറെ പ്രയാസമനുഭവപ്പെടുന്ന സാഹചര്യത്തില്‍ ആറുവരിപ്പാത വരുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുമെന്ന് കര്‍മസമിതി അഭിപ്രായപ്പെടുന്നു. പാത യാഥാര്‍ഥ്യമാവുന്നതോടെ മൊകവൂരിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിലുള്ളവര്‍ രണ്ട് കിലോമീറ്ററിലധികം ചുറ്റിസഞ്ചരിക്കേണ്ട സാഹചര്യമുണ്ടാവും. അതൊഴിവാക്കാന്‍ രാമനാട്ടുകര-വെങ്ങളം ബൈപ്പാസ് ആറുവരിപ്പാതയാക്കുന്നതിന്റെ ടെന്‍ഡറില്‍ കാമ്ബുറത്ത്കാവിലും കുനിമ്മല്‍താഴം ജങ്ഷനിലും അടിപ്പാത നിര്‍മാണവും ഉള്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

